പുല്ലു വഴിയില്‍ നിന്നും പുണ്യ വഴിയിലേക്ക്

പുല്ലു വഴിയില്‍ നിന്നും പുണ്യ വഴിയിലേക്ക്

ഇന്ന് ദൈവരാജ്യ മൂല്യങ്ങള്‍ക്കു വേണ്ടി കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ഓര്‍മ്മദിനം. എറണാകുളം അങ്കമാലി അതിരൂപതയില്‍ പുല്ലുവഴി ഇടവകയിലെ വട്ടാലില്‍ കുടുംബത്തില്‍ പൈലി, ഏലീശ്വ ദമ്പതികളുടെ ദ്വിതീയ സന്താനമായി 1954 ജനുവരി 29ന് സി. റാണി മരിയ ജനിച്ചു. മറിയം എന്ന മേരിക്കുഞ്ഞ് തികഞ്ഞ സല്‍സ്വഭാവിയും ലളിത ജീവിതം നയിക്കുന്നവളുമായിരുന്നു.

1972 ജൂലൈ മൂന്നാം തീയതി ഫ്രാന്‍സിസ്‌കന്‍ ക്ലാര സഭയുടെ എറണാകുളം തിരുഹൃദയ പ്രോവിന്‍സില്‍ ചേരുകയും പരിശീലനത്തിനു ശേഷം 1974 മെയ് ഒന്നിന് ആദ്യവ്രത വാഗ്ദാനം നടത്തുകയും ചെയ്തു. 1975ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി ബിജ്നോര്‍ രൂപതയിലേക്ക് കടന്നു ചെല്ലുന്നു. 1980 മെയ് 22ന് നിത്യ വ്രതവാഗ്ദാനം നടത്തി. പിന്നീട് സാമൂഹ്യ ശാസ്ത്രത്തില്‍ ബിരുദവും നേടി. 1983ല്‍ സത്നാ രൂപതയും 1992 മുതല്‍ ഇന്‍ഡോര്‍ രൂപതയുമായിരുന്നു സിസ്റ്ററിന്റെ പ്രവര്‍ത്തന രംഗം.

ഇന്‍ഡോര്‍ ഉദയനഗറിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് പുതുജീവന്‍ പ്രദാനം ചെയ്തു. ആധ്യാത്മിക-സാമൂഹിക ഉന്നമനത്തിനായുള്ള സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിച്ചു വന്നുവെങ്കിലും പാവപ്പെട്ട ജനസമൂഹത്തെ ചൂഷണം ചെയ്ത ആളുകള്‍ക്ക് സിസ്റ്ററിനോട് വെറുപ്പിനും കാരണമായി. എന്നാല്‍ സമര്‍പ്പിതരായ നമ്മുക്കെന്തിന് ഭയം എന്ന ചോദ്യം ഉയര്‍ത്തികൊണ്ട് സിസ്റ്റര്‍ എതിര്‍പ്പുകളെ സധൈര്യം നേരിട്ടു.

1994 ഡിസംബര്‍ മാസത്തില്‍ സെമിലിഗ്രാമത്തിലുണ്ടായ ഒരു തര്‍ക്കം സമാധാനത്തില്‍ തീര്‍ക്കാന്‍ സിസ്റ്റര്‍ റാണി മരിയ പരിശ്രമിച്ചു. നിരപരാധികളായ പല കത്തോലിക്കരെയും ജയിലില്‍ അടച്ചു. അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കുവാന്‍ സി. റാണി നടത്തിയ പരിശ്രമങ്ങള്‍ എതിരാളികളുടെ വൈരാഗ്യം വര്‍ധിക്കാന്‍ കാരണമായി. സിസ്റ്ററിന്റെ ജീവനെടുക്കാന്‍ എതിരാളികള്‍ തീരുമാനിച്ചു. 1995 ഫെബ്രുവരി 25ന് ഉദയനഗറില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള ബസ് യാത്രയ്ക്ക് ഇടയില്‍ നച്ചന്‍ബോര്‍ മലയില്‍ സഹയാത്രികര്‍ക്കു മുമ്പില്‍ സമുന്ദര്‍ സിംങ് എന്ന വാടക കൊലയാളിയുടെ 54 കുത്തുകളേറ്റ് സിസ്റ്റര്‍ റാണി മരിയ തന്റെ രക്ഷകന്റെ നാമം ഉരുവിട്ട് മരണ മടഞ്ഞു. വിശുദ്ധര്‍ക്ക് വേണ്ടിയുള്ള തിരുസംഘത്തിലെ ഒന്‍പത് പേരടങ്ങുന്ന ദൈവശാസ്ത്ര കമ്മീഷന്‍ ഐകകണ്ഠേന സിസ്റ്റര്‍ റാണിമരിയയുടെ രക്തസാക്ഷിത്വം അംഗീകരിച്ചു. 2005 ജൂണ്‍ 29ന് ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2017 നവംബര്‍ നാലിന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി നാമകരണം ചെയ്യപ്പെട്ടു.

മരണശേഷവും തന്റെ പ്രേഷിത പ്രവര്‍ത്തനം സിസ്റ്റര്‍ റാണി മരിയ തുടരുന്നു എന്നതിന് തെളിവാണ് സിസ്റ്ററിന്റെ ഘാതകന്റെ മാനസാന്തരം. സ്വര്‍ഗത്തിലെ ആ രക്തപുഷ്പത്തിന്റെ ഘാതകനെ മകനായി ഏറ്റെടുത്ത മാതാപിതാക്കളും അവനെ സഹോദരനായി സ്വീകരിച്ച കുടുംബാംഗങ്ങളും ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആള്‍ രൂപങ്ങളായി നമ്മുടെ കണ്‍മുമ്പിലുണ്ട്.

ക്ഷമയുടെയും സ്‌നേഹത്തിന്‍േറയും സുവിശേഷം പ്രചരിപ്പിക്കുന്ന വാഴ്ത്തപ്പെട്ട റാണിമാരിയുടെ ജീവിതം അനേകര്‍ക്ക് പ്രചോദനം നല്‍കുന്നു. സിസ്റ്ററിന്റെ ജീവിതം ഗാനരൂപത്തിലാക്കി വിശ്വാസികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ് പ്രശസ്ത ഗാനരചയിതാക്കളായ ബേബി ജോണ്‍ കലയന്താനി, ഫാ. സന്തോഷ് സെബാസ്റ്റ്യന്‍, ലിസി ഫെര്‍ണാണ്ടസ് എന്നിവര്‍.


ബേബി ജോണ്‍ കലയന്താനി, ലിസി ഫെര്‍ണാണ്ടസ് എന്നിവരുടെ കൂട്ടുകെട്ടില്‍ വിരിഞ്ഞ രക്തപുഷ്പത്തിന്റെ ഓര്‍മ്മകള്‍ ഹിന്ദിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഗോരഖ്പൂര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. സന്തോഷ് സെബാസ്റ്റ്യനാണ്. പുല്ലുവഴിയില്‍ നിന്നും പുണ്യ വഴിയിലേക്ക് നടന്നു കയറിയ മേരിക്കുഞ്ഞിന്റെ ജീവിതം കാവ്യ രൂപത്തിലാക്കിയ അനുഗൃഹീത എഴുത്തുകാര്‍ക്ക് അഭിനന്ദനങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.