ബിറ്റ്‌കോയിന്‍ നിയമ വിധേയമാണോ എന്നതില്‍ വ്യക്തത വരുത്തണം; കേന്ദ്രത്തോട് സുപ്രീം കോടതി

ബിറ്റ്‌കോയിന്‍ നിയമ വിധേയമാണോ എന്നതില്‍ വ്യക്തത വരുത്തണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിറ്റ്‌കോയിനുകള്‍ ഇന്ത്യയില്‍ നിയമ വിധേയമാണോയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.

ഇക്കാര്യത്തില്‍ വ്യക്തത വരുത്താമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയെ അറിയിച്ചു. ഗൈന്‍ ബിറ്റ്‌കോയിന്‍ കുംഭകോണ കേസിലെ മുഖ്യ പ്രതിയായ അജയ് ഭരദ്വാജ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

നിക്ഷേപകര്‍ക്ക് വലിയ ലാഭം വാഗ്ദാനം ചെയ്ത് 2,000 കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാട് അജയ് ഭരദ്വാജും സഹോദരന്‍ അമിത് ഭരദ്വാജും നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ അന്വേഷണത്തില്‍ 87,000 കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാട് നടന്നെന്ന് കണ്ടെത്തിയതായും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ നിയമ വിധേയമാണോ അല്ലയോ എന്ന് വ്യക്തമാക്കാന്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.