ജര്‍മനിയില്‍ നഴ്‌സ്: മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാം

ജര്‍മനിയില്‍ നഴ്‌സ്: മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്‌ളോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി ജര്‍മനിയില്‍ നഴ്‌സിങ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

www. norkaroots.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2022 മാര്‍ച്ച് 10 വരെ അപേക്ഷ സമർപ്പിക്കാം. 45 വയസ് കവിയാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യമാണ്.

നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍ / നഴ്‌സിങ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം / ജറിയാട്രിക്‌സ് / കാര്‍ഡിയോളജി / ജനറല്‍ വാര്‍ഡ്/ സര്‍ജിക്കല്‍ – മെഡിക്കല്‍ വാര്‍ഡ് / നിയോനാറ്റോളജി / ന്യൂറോളജി / ഓര്‍ത്തോപീഡിക്‌സും അനുബന്ധ മേഖലകളും / ഓപ്പറേഷന്‍ തീയറ്റര്‍ / സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാട്ടില്‍ തന്നെ ജര്‍മന്‍ ഭാഷയില്‍ എ1/ എ2 / ബി1 ലെവല്‍ പരിശീലനം നല്‍കും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയിക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ്സും ലഭിക്കും. ശേഷം ജര്‍മ്മനിയിലെ ആരോഗ്യമേഖലയില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കാം.

ജര്‍മനിയില്‍ എത്തിയ ശേഷം തൊഴില്‍ദാതാവിന്റെ സഹായത്തോടെ ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ പരിശീലനത്തിന് അവസരം ലഭിക്കും. ബി 2 ലെവല്‍ വിജയിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്‌സായി നിയമനം ലഭിക്കും. രജിസ്റ്റേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് ഓവര്‍ടൈം അലവന്‍സുകള്‍ക്ക് പുറമെ 2800 യൂറോയുമാണ് ശമ്പളം.

ഈ പദ്ധതിയിലേക്ക് മുമ്പ് അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഇമെയില്‍ triplewin.norka @kerala.gov.in.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.