ദുരിതക്കയത്തില്‍ കുട്ടനാട്: വൃദ്ധയെ ആശുപത്രിയിലെത്തിച്ചത് മുളയില്‍ തുണിക്കെട്ടി

ദുരിതക്കയത്തില്‍ കുട്ടനാട്: വൃദ്ധയെ ആശുപത്രിയിലെത്തിച്ചത് മുളയില്‍ തുണിക്കെട്ടി

ആലപ്പുഴ: ദുരിതമൊഴിയാതെ കുട്ടനാട്. പക്ഷാഘാതം സംഭവിച്ച വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത് മുളയില്‍ തുണികെട്ടി കിടത്തി. കുട്ടനാട് താലൂക്കില്‍ നീലംപേരൂരിലെ പതിനഞ്ചില്‍ചിറയില്‍ രത്‌നമ്മയെയാണ് (76) പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മക്കളും നാട്ടുകാരും ചേര്‍ന്ന് തുണിയില്‍ കെട്ടി ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ എത്താന്‍ കഴിയാത്തത്താണ് ദുരിതത്തിന് കാരണം.

ഏകദേശം നാല്‍പ്പതോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് നടപ്പാലം ഇല്ലാതെ ദുരിതം അനുഭവിക്കുന്നത്. പാടത്തിന് കുറുകെ ഒരാള്‍ക്ക് കഷ്ടിച്ച് നടക്കാന്‍ കഴിയുന്ന തരത്തില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പാലം മാത്രമാണ് ഇവിടെയുള്ളത്. വര്‍ഷങ്ങളായി ഒരു നടപ്പാലത്തിനു വേണ്ടി അധികാരികളെ കണ്ടു സംസാരിക്കുന്നുണ്ടെങ്കിലും ആവശ്യമായ ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കാലം വരുമ്പോള്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ ഇവിടേക്ക് എത്തുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

പാട ശേഖരങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഇവര്‍ക്ക് ആവശ്യമായ റോഡുകളും വഴികളും ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നടക്കാന്‍ ഒരു നടപ്പാലം ഇല്ലാത്തതിനാല്‍ ഇതുപോലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ പോലും വൈദ്യ സഹായം എത്തിക്കാനും ഏറെ ബുദ്ധിമുട്ട് നേരിടുന്നു.

ഇനിയെങ്കിലും അധികാരികള്‍ കണ്ണു തുറക്കണമെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ദുരിതത്തിന് ഒരു പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.