ഭര്‍ത്താവ് യമനില്‍ ഹൂതികളുടെ പിടിയില്‍, ഭാര്യ ഉക്രെയ്‌നില്‍ ബങ്കറിലും; ആശങ്കയോടെ ഒരു കുടുംബം

ഭര്‍ത്താവ് യമനില്‍ ഹൂതികളുടെ പിടിയില്‍, ഭാര്യ ഉക്രെയ്‌നില്‍ ബങ്കറിലും; ആശങ്കയോടെ ഒരു കുടുംബം

ആലപ്പുഴ: കായംകുളത്തെ അഖില്‍ രഘുവിന്റെ കുടുംബത്തിന് ആശങ്ക വിട്ടൊഴിയുന്നില്ല. ആവൂര്‍ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതര്‍ ബന്ദിയാക്കിയിരിക്കുകയാണ്. കീവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് അഖിലിന്റെ ഭാര്യ ജിതിന. ഉക്രെയ്‌നിലെ യുദ്ധത്തെത്തുടര്‍ന്ന് ജിതിന ബങ്കറില്‍ അഭയം തേടിയിരിക്കുകയാണെന്ന വാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്.

രാമപുരം സ്വദേശിനിയായ ജിതിനയും അഖിലും തമ്മിലുള്ള വിവാഹം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29നായിരുന്നു. കീവ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അവസാന വര്‍ഷ അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയാണ് ജിതിന. റഷ്യന്‍ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സ്വയരക്ഷയ്ക്കായി ബങ്കറുകളില്‍ അഭയം പ്രാപിച്ചത്.

യുഎഇയിലെ ലിവാമറൈന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലില്‍ ജീവനക്കാരനാണ് അഖില്‍ രഘു. ചെങ്കടലില്‍ വെച്ച് കഴിഞ്ഞ ഡിസംബര്‍ 31നാണ് ഹൂതി വിമതര്‍ കപ്പല്‍ റാഞ്ചുന്നത്. അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതര്‍ ബന്ദിക്കളാക്കി വെച്ചിരിക്കുകയാണെന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പറഞ്ഞു.

കപ്പലില്‍ 14 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ ആറുപേര്‍ ഇന്ത്യാക്കാരാണ്. അഖില്‍ സുരക്ഷിതനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ബന്ദികളാക്കപ്പെട്ട ഇവരെ മോചിപ്പിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് രാഹുല്‍ പറയുന്നു. അഖിലിന്റെ മോചനത്തിനായി കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ ഒരു നടപടിയുമുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.