അധിനിവേശത്തോട് അഭിനിവേശം കാണിക്കുന്ന ചൈനയുടെ നിലപാട് അപകടകരം

അധിനിവേശത്തോട് അഭിനിവേശം കാണിക്കുന്ന ചൈനയുടെ നിലപാട് അപകടകരം

ഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന ചൈനയുടെ ദുഷ്ടലാക്ക് അപകടകരമായ മറ്റുചില സ്ഥിതിവിശേഷങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് ഇന്ത്യയ്ക്കും അത്ര ശുഭകരമല്ല. റഷ്യയ്ക്ക് ഉക്രെയ്‌നില്‍ ആകാമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് തായ് വാനില്‍ ആയിക്കൂടാ എന്നൊരു വാദമുയര്‍ത്തി തായ് വാനിലേക്ക് കടന്നു കയറാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് ഇനി ഗതിവേഗം കൂടും.

തായ് വാനെ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഹോങ്‌കോങിലേതുപോലെ 'ഒരു രാജ്യം രണ്ടു സംവിധാനങ്ങള്‍' എന്ന നയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് വിപ്ലവത്തിന്റെ 110ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍' നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് ചൈനീസ് സേച്ഛാധിപതി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരു പരമാധികാര രാജ്യമായ തയ് വാനെതിരെ ചൈന നടത്തുന്ന കടന്നാക്രമണങ്ങളെ പരസ്യമായി എതിര്‍ക്കുന്ന അമേരിക്കയെ വെല്ലുവിളിച്ചാണ് തയ് വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം ഷീ ജിന്‍ പിങ് നടത്തിയത്.


തയ് വാന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും ചൈനയുടെ ഉദ്ദേശ്യം നടക്കില്ലെന്നും തയ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ ആവര്‍ത്തിക്കുമ്പോഴും തയ് വാന്റെ വ്യോമ മേഖല ലംഘിച്ച് പ്രകോപനപരമായി യുദ്ധ വിമാനങ്ങള്‍ പറത്തുന്നത് ചൈന പതിവാക്കിയിരിക്കുകയാണ്. ഇതിനെതിരെ അമേരിക്ക പലവട്ടം ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നിരുന്നാലും വിട്ടു കൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ചൈന.

ലോക രാജ്യങ്ങളുടെയും ശ്രദ്ധ ഉക്രെയ്‌നില്‍ കേന്ദ്രീകരിച്ചിരിക്കെ ഇക്കഴിഞ്ഞ ദിവസം തയ് വാന് സമീപം കിഴക്കന്‍ ചൈനക്കടലില്‍ ചൈന സൈനികാഭ്യാസം നടത്തി. കിഴക്കന്‍ ചൈനക്കടലില്‍ ലാന്‍ഡിങ് അഭ്യാസങ്ങള്‍ നടത്തിയതായി ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡ് തന്നെയാണ് അറിയിച്ചത്.

ഉക്രെയ്ന്‍ വിഷയത്തില്‍ അമേരിക്കയും മറ്റ് നാറ്റോ അംഗ രാജ്യങ്ങളും കാണിച്ച പിന്നാക്കം പോകലും ആശയക്കുഴപ്പവും ചൈനയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. റഷ്യ ഉക്രെയ്‌നെ ആക്രമിച്ചാല്‍ തിരിച്ചടിക്കും എന്ന് കരയ്ക്കിരുന്ന് കസര്‍ത്തു നടത്തിയ ജോ ബൈഡനും കൂട്ടരും യുദ്ധം മുറുകിയപ്പോള്‍ മലക്കം മറിയുന്നത് ലോകം കണ്ടതാണ്. അമേരിക്കയേയും നാറ്റോയേയും ഒരു പരിധിവിട്ട് വിശ്വസിച്ചതാണ് ഉക്രെയ്‌ന് പറ്റിയ അപകടമെന്ന വിലയിരുത്തല്‍ അത്ര തെറ്റല്ല.

തായ് വാനെ തങ്ങള്‍ ആക്രമിച്ചാല്‍ ഉണ്ടായേക്കാവുന്ന നയതന്ത്ര പ്രശ്നങ്ങളും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിച്ചേക്കാവുന്ന നിലപാടുകളും കണക്കിലെടുത്താണ് ചൈന ഇതുവരെ സംയമനം പാലിച്ചിരുന്നത്. എന്നാല്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശവും ലോക രാജ്യങ്ങളുടെ അഴകൊഴമ്പന്‍ നിലപാടുകളും ചൈനയുടെ വാര്‍ റൂമുകളെ കൂടുതല്‍ ഊര്‍ജസ്വലമാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.