ഉക്രെയ്ന്‍ ഭാഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ദൗത്യത്തിന് അയയ്ക്കണം; മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

ഉക്രെയ്ന്‍ ഭാഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ദൗത്യത്തിന് അയയ്ക്കണം; മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: ഉക്രെയ്‌നില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി.

ഉക്രെയ്‌നില്‍ കുടുങ്ങിയ മലയാളികളില്‍ നിന്ന് നിരവധി ദുരിത സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉക്രെയ്‌നിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, കാര്‍ഖിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവര്‍ക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയെന്നാണ് അറിയിച്ചത്.

അതേസമയം കൊടും തണുപ്പില്‍ നടന്ന് പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ ഉക്രെയ്‌നിലെ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. ഇത് പരിഹരിക്കാന്‍ ഉക്രെയ്ന്‍ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിര്‍ത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

അതിര്‍ത്തിയില്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അതിനു സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും സാഹചര്യം വളരെ പരിതാപകരമാണെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.