റോമാനൂസും ലൂപിസിനൂസും: സഹന ജീവിതത്തിന്റെ വക്താക്കളായ ഫ്രഞ്ച് വിശുദ്ധര്‍

റോമാനൂസും ലൂപിസിനൂസും: സഹന ജീവിതത്തിന്റെ വക്താക്കളായ ഫ്രഞ്ച് വിശുദ്ധര്‍

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 28

ഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രണ്ട് ഫ്രഞ്ച് സഹോദരന്‍മാരായിരുന്നു വിശുദ്ധരായ റോമാനൂസും ലൂപിസിനൂസും. തന്റെ മുപ്പത്തിയഞ്ചാമത്തെ വയസില്‍ റോമാനൂസ് ലിയോണ്‍സിലെ ഒരാശ്രമത്തില്‍ സന്യാസ ജീവിതം ആരംഭിച്ചു. പിന്നിട് ഫ്രാന്‍സിനും സ്വിറ്റ്‌സര്‍ലന്‍ഡിനും മധ്യേയുള്ള ജൂറാ പര്‍വ്വത നിരകളിലെ കോണ്‍ഡാറ്റ് എന്ന സ്ഥലത്തേക്ക് താമസം മാറ്റി.

താമസിയാതെ റോമാനൂസിന്റെ അനുജന്‍ ലൂപിസിനൂസും ജ്യേഷ്ഠനൊപ്പം ചേര്‍ന്നു. ഇവരുടെ അത്ഭുത പ്രവര്‍ത്തികളില്‍ ആകൃഷ്ടരായി നിരവധി പേര്‍ ആശ്രമത്തില്‍ അംഗങ്ങളായി. ശിഷ്യന്‍മാരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ റെമാനൂസ് കോണ്‍ഡാറ്റില്‍ പുതിയൊരു ആശ്രമം പണിതു.

പിന്നീട് ഇരുവരും ചേര്‍ന്ന് നിരവധി ആശ്രമങ്ങള്‍ സ്ഥാപിച്ച് ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചു. സഹന ജീവിതത്തിന്റെ ഉദാഹരണം എന്ന വണ്ണം വെറും പലകയിലാണ് റോമാനൂസും ലൂപിസിനൂസും കിടന്നിരുന്നത്. കുതിര്‍ത്ത റൊട്ടി മാത്രമാണ് കൂടുതല്‍ കാലം ഭക്ഷിച്ചിരുന്നത്. തോല്‍ വസ്ത്രവും മരച്ചെരിപ്പുമാണ് ഉപയോഗിച്ചിരുന്നത്.

വളരെയേറെ പണ്ഡിതന്‍മാര്‍ സഹോദരന്‍മാരായ ഈ വിശുദ്ധരെ തങ്ങളുടെ ഗുരുക്കന്‍മാരായി സീകരിച്ചു. എ.ഡി 460 ല്‍ ആണ് വിശുദ്ധ റൊമാനൂസിന്റെ മരണം. പിന്നീട് ഇരുപത് വര്‍ഷം കഴിഞ്ഞാണ് വിശുദ്ധ ലൂപിസിനൂസ് മരണമടഞ്ഞത്. ഫെബ്രുവരി 28 നാണ് ഈ വിശുദ്ധരുടെ തിരുനാള്‍.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഹിലാരിയൂസ് പാപ്പ

2. ആങ്കിള്‍സീ ദ്വീപിലെ ലിബിയോ

3. അലക്‌സാണ്ട്രിയായിലെ സെരയാലിസ്, പുപ്പുളൂസ്, കായൂസ്, സെറാപ്പിയോന്‍

4. അലക്‌സാണ്ട്രിയായിലെ മക്കരിയൂസ്, റൂഫിനൂസ്, യുസ്തൂസ്, തെയോഫിലൂസ്.


പുരോഹിതരുടെ ധാര്‍മ്മിക ഉന്നതിയ്ക്കായി 
കഠിനാധ്വാനം ചെയ്ത വിശുദ്ധ ഓസ്വാള്‍ഡ്

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 29

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായിരുന്ന വിശുദ്ധ ഓഡോയുടെ സഹോദര പുത്രനാണ് വിശുദ്ധ ഓസ്വാള്‍ഡ്. ഓഡോ അദ്ദേഹത്തെ പഠിപ്പിച്ച് വിഞ്ചെസ്റ്ററിലെ വികാരിയാക്കിയെങ്കിലും ഓസ്വാള്‍ഡ് ആ സ്ഥാനം ഉപേക്ഷിച്ച് ഫ്രാന്‍സില്‍ പോയി ഫ്‌ളോരി എന്ന സ്ഥലത്ത് സന്യാസ ജീവിതം ആരംഭിച്ചു.

പിന്നീട് 959 ല്‍ ഇംഗ്ലണ്ടിലേക്ക് തിരികെ വന്ന അദ്ദേഹത്തെ വിശുദ്ധ ഡുന്‍സ്റ്റാന്‍ 962 ല്‍ വോഴ്‌സെസ്റ്ററിലെ മെത്രാനായി വാഴിച്ചു. മെത്രാനെന്ന നിലയില്‍ ഓസ്വാള്‍ഡ് തന്റെ സഭയില്‍ നിലനിന്നിരുന്ന അധാര്‍മ്മികമായ പല കാര്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് കഠിനമായ പരിശ്രമം നടത്തി. കൂടാതെ നിരവധി ആശ്രമങ്ങള്‍ അദ്ദേഹം പണി കഴിപ്പിക്കുകയും ചെയ്തു.

ഹണ്ടിംഗ്‌ഡോണ്‍ഷെയറിലെ പ്രസിദ്ധമായ റാംസെ ആശ്രമവും ഇതില്‍ ഉള്‍പ്പെടുന്നു. 972 ല്‍ ഓസ്വാള്‍ഡ് യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി. എങ്കിലും മെഴ്‌സിയായിലെ രാജാവായിരുന്ന എല്‍ഫേരിന്റെ എതിര്‍പ്പ് മൂലം താന്‍ വിഭാവനം ചെയ്ത ആശ്രമ നവീകരണങ്ങള്‍ മുടക്കം വരാതെ പൂര്‍ത്തിയാക്കുന്നതിനായി വിശുദ്ധന്‍ വോഴ്‌സെസ്റ്റര്‍ സഭയുടെ ഭരണം തന്റെ അധീനതയില്‍ തന്നെ വെച്ചു.

പുരോഹിതന്‍മാരുടെ ധാര്‍മ്മിക ഉന്നതി വര്‍ധിപ്പിക്കുക മാത്രമല്ല ദൈവ ശാസ്ത്രപരമായ അവരുടെ അറിവ് വര്‍ധിപ്പിക്കുന്നതിനും ഓസ്വാള്‍ഡ് കഠിന പ്രയത്‌നം ചെയ്തു. രണ്ടു ഗ്രന്ഥങ്ങളും സഭാ സുനഹദോസുകളുടെ നിരവധി പ്രമാണങ്ങളും വിശുദ്ധന്‍ എഴുതിയിട്ടുണ്ട്. തന്റെ പൊതു ജീവിത കാലം മുഴുവനും അദ്ദേഹം വിശുദ്ധ ഡുന്‍സ്റ്റാനും വിശുദ്ധ എഥെല്‍വോള്‍ഡുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

992 ല്‍ വിശുദ്ധന്‍ മരണപ്പെട്ടതിനു ശേഷം മറ്റു രണ്ടു വിശുദ്ധരുടേയും നാമങ്ങളോട് ചേര്‍ത്തായിരുന്നു വിശുദ്ധനെ പൊതുവായി വണങ്ങി വന്നിരുന്നത്. ഇംഗ്ലിഷ് ആശ്രമ ജീവിത സമ്പ്രദായത്തെ നവീകരിച്ച മൂന്ന് വിശുദ്ധരില്‍ ഒരാളെന്ന നിലയില്‍ വിശുദ്ധ ഓസ്വാള്‍ഡിനെ പുരാതന കാലം മുതല്‍ തന്നെ ബഹുമാനിച്ചു വരുന്നു.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26