ന്യൂഡല്‍ഹി: ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നാലു കേന്ദ്ര മന്ത്രിമാരെ ഉക്രെയ്ന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം.
കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംങ് എന്നിവര്‍ ആയിരിക്കും ഇന്ത്യയുടെ പ്രത്യേക ദൂതന്മാരായി 'ഓപ്പറേഷന്‍ ഗംഗ'യ്ക്കു നേതൃത്വം നല്‍കുന്നത്.
റുമേനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ അതിര്‍ത്തി മേഖലകളിലേക്കാണ് മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ പോകുന്നത്.
യമനില്‍ അശാന്തി നിറയവെ ജിബൂത്തിയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടു വരുന്നതിന് ജനറല്‍ വി.കെ സിങ് ആയിരുന്നു നേതൃത്വം നല്‍കിയത്. രക്ഷാ ദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി ഇന്നലത്തെ ഉന്നതതല യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
ചില ഇടങ്ങളില്‍ ഉക്രെയ്ന്‍ സൈന്യം തന്നെ ഇന്ത്യന്‍ പൗരന്മാരെ തടയുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് മന്ത്രിമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏകോപന ചുമതല നല്‍കിയത്.
ഇന്ന് ഉച്ചയ്ക്ക് ശേഷവും പ്രധാനമന്ത്രി വീണ്ടും ഒരു ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും ദൗത്യത്തിന്റെ അവസാന വട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഇന്ന് ആറ് വിമാനങ്ങള്‍ കൂടി രക്ഷാദൗത്യത്തിനായി പുറപ്പെടുന്നുണ്ട്. ഇതിന്റെ എണ്ണവും കൂട്ടിയേക്കും. എത്ര വിമാനങ്ങള്‍ പോകണം, എത്ര ഇടവേളകളില്‍ മടങ്ങണം തുടങ്ങിയ കാര്യങ്ങളും ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.