സീന്യൂസും ചങ്ങനാശേരി, പാലാ പ്രവാസി അപ്പോസ്തലേറ്റും കൈകോര്‍ത്ത 'ഉക്രെയ്ന്‍ മിഷന്‍' അഞ്ചാം ദിവസത്തിലേക്ക്; വിദ്യാര്‍ത്ഥികള്‍ ഉടന്‍ ബന്ധപ്പെടുക

സീന്യൂസും ചങ്ങനാശേരി, പാലാ പ്രവാസി അപ്പോസ്തലേറ്റും കൈകോര്‍ത്ത 'ഉക്രെയ്ന്‍ മിഷന്‍'  അഞ്ചാം ദിവസത്തിലേക്ക്; വിദ്യാര്‍ത്ഥികള്‍ ഉടന്‍ ബന്ധപ്പെടുക

ചങ്ങനാശേരി: യുദ്ധ സാഹചര്യത്തില്‍ ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സീന്യൂസ് ലൈവ് വാര്‍ത്താ പോര്‍ട്ടല്‍ ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്, പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് എന്നിവരുമായി സഹകരിച്ച് രൂപം കൊടുത്ത 'ഉക്രെയ്ന്‍ മിഷന്‍' പ്രവര്‍ത്തനം ഇന്ന് അഞ്ചാം ദിവസത്തിലേക്ക്.

ഇതിനായി തുടങ്ങിയ 'ഉക്രൈന്‍ മിഷന്‍' എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയെ ഈ ഗ്രൂപ്പില്‍ ചേര്‍ക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് കുട്ടികളുടെ പ്രതിനിധികള്‍ ഈ വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗങ്ങളായിട്ടുണ്ട്.

ഉക്രെയ്ന്‍ മിഷനിലൂടെ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍:

1. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ വിഷമിക്കുന്ന കുട്ടികള്‍ക്കായി നിരന്തരം ലോകമെമ്പാടുമുള്ള പ്രവാസികള്‍ പ്രാര്‍ത്ഥിക്കുന്നു.

2. സഹായം ആവശ്യമുള്ള കുട്ടികളെ ഉക്രെയ്ന്‍ മിഷന്‍ പ്രതിനിധികള്‍ നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യുന്നു.

3. യുദ്ധ ഭീതിയില്‍ ബങ്കറുകളിലൊക്കെ ഒളിച്ച് താമസിക്കുന്ന കുട്ടികള്‍ക്ക് ഗവണ്‍മെന്റും എംബസ്സികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ അപ്പോള്‍ തന്നെ എത്തിച്ച് നല്‍കുന്നു.

4. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, നോര്‍ക്ക റൂട്ട്സ്, തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളെ നേരിട്ട് വിളിച്ച് അവിടെയുള്ളവര്‍ക്ക് സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നു.

5. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയ സകലര്‍ക്കും ഇമെയില്‍, ട്വിറ്റെര്‍, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ ആവശ്യം മനസിലാക്കി അവ നടപ്പിലാക്കാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നു.

6. കുട്ടികള്‍ ഏറ്റവും അധികം കടന്നു പോകുന്ന പോളണ്ട്, ഹംഗറി, മോള്‍ഡോവ സ്ലൊവാക്യ തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങളില്‍ പലായനം ചെയ്തെത്തുന്ന എല്ലാ കുട്ടികളെയും സ്വീകരിക്കാന്‍ പ്രതിനിധികളെ സജ്ജീകരിച്ചു.

7. ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ എന്‍. ബാലഭാസ്‌കര്‍ എന്ന സന്നദ്ധ പ്രവര്‍ത്തകന്റെ സഹായത്തോടെ ശ്രമിക്കുന്നു.

8. വളരെ അധികം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ഉക്രെയ്നില്‍ തന്നെ അഭയം നല്‍കാന്‍ ചില കോണ്‍വെന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

9. നാട്ടില്‍ തിരിച്ചെത്തുന്ന കുട്ടികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ കൗണ്‍സിലിംഗ് സൗകര്യം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യ്തിട്ടുണ്ട്.

കീവ്, കാര്‍ഖോവ്, സുമി തുടങ്ങിയ സ്ഥലങ്ങളില്‍ യുദ്ധം നടക്കുന്നതിനാല്‍ കുട്ടികള്‍ പുറത്തിറങ്ങാതെ അവരായിരിക്കുന്ന സുരക്ഷിത സ്ഥലങ്ങളില്‍ കാത്തിരിക്കാനാണ് ഇപ്പോള്‍ ഉള്ള ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം.

ഇനിയും വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികള്‍ അവരുടെ പേര്, വാട്സാപ്പ് നമ്പര്‍, വിളിക്കാന്‍ പറ്റുന്ന നമ്പര്‍, കൃത്യമായ ലൊക്കേഷന്‍ എന്നിവ എത്രയും വേഗം പ്രവാസി അപ്പോസ്തലേറ്റിനോ ( +918714451436, +919447803634 ) ഉക്രെയ്ന്‍ മിഷന്‍ പ്രതിനിധികളായ ജോ കാവാലം (+18328524707), ലിസി കെ. ഫെര്‍ണാണ്ടസ്, (+971505527160), രാജേഷ് കൂത്രപ്പള്ളി (+96566399297) എന്നിവര്‍ക്കോ അയച്ച് നല്‍കേണ്ടതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.