'എംഎല്‍എയുടെ കാര്‍ തകര്‍ത്തത്' ഇന്നത്തെ ഒറ്റപ്പെട്ട സംഭവം'; പരിഹാസവുമായി പ്രതിപക്ഷ നേതാവ്

'എംഎല്‍എയുടെ കാര്‍ തകര്‍ത്തത്' ഇന്നത്തെ ഒറ്റപ്പെട്ട സംഭവം'; പരിഹാസവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോവളം എംഎല്‍എയുടെ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒരോ ദിവസവും 'ഒറ്റപ്പെട്ട സംഭവങ്ങള്‍' കേരളത്തില്‍ ആവര്‍ത്തിക്കുന്നു. കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ക്രിമിനല്‍ കേസുകളിലെ സ്ഥിരം പ്രതിയായ ഒരാള്‍ അടിച്ചു തകര്‍ത്തു എന്നതാണ് ഇന്നത്തെ 'ഒറ്റപ്പെട്ട സംഭവം' എന്നായിരുന്നു സതീശന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗര ഹൃദയത്തില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വാളുമായി എത്തിയ ക്രിമിനല്‍ വെട്ടിക്കൊന്നു. മലപ്പുറത്ത് തളന്നു കിടക്കുന്ന മാതാവിന്റെ മുന്നില്‍ വച്ച് മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ ഗുണ്ട ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. ജയിലില്‍ നിന്നും പുറത്തുവന്നാല്‍ പെണ്‍കുട്ടിയേയും സാക്ഷി പറഞ്ഞവരെയും കൊല്ലുമെന്നും അയാള്‍ പരസ്യമായി ഭീഷണിപ്പെടുത്തി.

കേരളത്തില്‍ ഗുണ്ടകളെ നിയന്ത്രിക്കാനോ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ഒരു നടപടിയും സര്‍ക്കാരോ ആഭ്യന്തര വകുപ്പോ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇക്കാര്യം കഴിഞ്ഞ ദിവസവും പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്.

എന്നാല്‍ എല്ലാം ഭദ്രമാണെന്ന മറുപടി നല്‍കിയ മുഖ്യമന്ത്രി ക്രമസമാധാന നില തകര്‍ന്നെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.