കോണ്‍ഗ്രസില്‍ വീണ്ടും കലാപം: പുനസംഘടന നിറുത്തിവയ്ക്കണമെന്ന് ഹൈക്കമാന്‍ഡ്; കടിച്ചു തൂങ്ങാനില്ലെന്ന് സുധാകരന്‍

കോണ്‍ഗ്രസില്‍ വീണ്ടും കലാപം: പുനസംഘടന നിറുത്തിവയ്ക്കണമെന്ന് ഹൈക്കമാന്‍ഡ്;  കടിച്ചു തൂങ്ങാനില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. എംപിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനസംഘടന നിറുത്തിവയ്ക്കാന്‍ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നിര്‍ദേശം നല്‍കി. 

എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. പുനസംഘടനയില്‍ ആര്‍ക്കാണ് അതൃപ്തിയുള്ളതെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് സുധാകരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. പദവിയില്‍ കടിച്ചു തൂങ്ങാനില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്നെ ഈ ചുമതലയേല്‍പ്പിച്ചത് പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനാണ്. പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരാനുള്ള ദൗത്യം താന്‍ നിര്‍വഹിക്കുകയാണ്. അതിന് തടയിടാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നു. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ പറയുന്നു. എന്നാല്‍ പരാതി ഉന്നയിച്ചവരെ കൂടി കേട്ട ശേഷം മാത്രമായിരിക്കും പുനസംഘടനയുണ്ടാവുകയെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു.

എല്ലാവിഭാഗം ആളുകളുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പുതിയ ചേരികള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന് ഈ പശ്ചാത്തലം ബലമേകുന്നുണ്ട്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സുധാകരന്‍-ചെന്നിത്തല, വിഡി സതീശന്‍- കെസി വേണുഗാപാല്‍ എന്നിങ്ങനെ രണ്ട് അച്ചുതണ്ടുകള്‍ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.