ഉക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ

ഉക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ

മോസ്കോ: ഉക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തില്‍ സഹകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത്.

ഉക്രെയ്ന്റെ കിഴക്കന്‍ അതി‍ര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവ‍ര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ റഷ്യന്‍ അംബാസിഡര്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും എപ്പോള്‍ മുതല്‍ രക്ഷാപ്രവ‍ര്‍ത്തനം തുടങ്ങുമെന്ന് വ്യക്തമല്ല.

മാനുഷിക പരി​ഗണന നല്‍കി ഉക്രെയ്നില്‍ കുടുങ്ങിയവ‍ര്‍ക്ക് തിരികെ വരാന്‍ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ പറയുന്നത്. ഖര്‍ഖീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യന്‍ വിദ്യാ‍ര്‍ത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിനു സാധിച്ചാല്‍ ഉക്രെയ്ന്‍ രക്ഷാദൗത്യത്തിലെ നിര്‍ണായക പ്രതിസന്ധി ഒഴിയുകയും ചെയ്യും.

'ഖാര്‍കിവിലും കിഴക്കന്‍ ഉക്രെയ്നിലെ മറ്റു പ്രദേശങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ പുറത്ത് എത്തിക്കാന്‍ ഞങ്ങള്‍ ഇന്ത്യന്‍ എംബസി ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണ്. റഷ്യയിലെ റുസൈന്‍ പ്രദേശം വഴി അവിടെ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും അടിയന്തിരമായി ഒഴിപ്പിക്കാനുള്ള ഇന്ത്യ ഞങ്ങളോട് അഭ്യ‍ര്‍ത്ഥിച്ചിട്ടുണ്ട്.

ഞങ്ങള്‍ ഇന്ത്യയുമായി തന്ത്രപരമായ സഖ്യകക്ഷികളാണ്. ഉക്രെയ്ന്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ എത്തിയപ്പോള്‍ ഇന്ത്യ എടുത്ത നിലപാടിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇന്ത്യയിലേക്കുള്ള എസ്-400 പ്രതിരോധ സംവിധാനത്തിന്റെ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ല. ഈ ഇടപാട് തടസമില്ലാതെ തുടരാന്‍ വഴികളുണ്ടെന്ന് റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവ് പറഞ്ഞു.

എന്നാൽ ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്ത് എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് മാറുമെന്ന മുന്നറിയിപ്പും റഷ്യയ്ക്ക് നല്‍കി. ഇതോടെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ റഷ്യ തയ്യാറാവുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.