കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയത്തിലേക്ക്. വോട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തില്‍ 108 മുനിസിപ്പാലിറ്റികളിലും 103 ഇടത്തും വ്യക്തമായ മേല്‍ക്കൈ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനുണ്ട്.ഇത് വരെ ഫലം പുറത്ത് വന്ന 93 എണ്ണത്തില്‍ 70 ശതമാനം വോട്ടും നേടിയത് ടിഎംസിയാണ്.
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. നാദിയ ജില്ലയിലെ താഹെര്‍പൂര്‍ മുനിസിപ്പാലിറ്റി സ്വന്തമാക്കാന്‍ കഴിഞ്ഞത് സിപിഎം നയിക്കുന്ന ഇടതു മുന്നണിക്ക് നേട്ടമായി. കോണ്‍ഗ്രസിന് കാര്യപ്പെട്ട മുന്നേറ്റമുണ്ടാക്കാനായില്ല. പുതുതായി രൂപീകരിച്ച ഹംറോ പാര്‍ട്ടി ഡാര്‍ജിലിംഗ് മുനിസിപ്പാലിറ്റിയില്‍ അട്ടിമറി വിജയം സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടായി അധികാരി കുടുംബത്തിന്റെ കോട്ടയായി കണക്കാക്കിയിരുന്ന കാന്തി മുനിസിപ്പാലിറ്റി ടിഎംസി പിടിച്ചെടുത്ത് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും കുടുംബത്തിനും വന്‍ തിരിച്ചടിയായി. പ്രതിപക്ഷ നേതാവിന്റെ പിതാവ് സിസിര്‍ അധികാരി 1981-86 വരെയുള്ള അഞ്ച് വര്‍ഷമൊഴികെ 1971- 2009 വരെ 25 വര്‍ഷം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായിരുന്നു.
എംപിയായ ശേഷം അദ്ദേഹം തന്റെ ഇളയ മകന്‍ ദിബ്യേന്ദു അധികാരിക്ക് ചെയര്‍മാന്‍ പദവി കൈമാറി. 2016 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദിബ്യേന്ദു അധികാരി എംപിയായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ പദവി ഏറ്റെടുക്കുകയായിരുന്നു.
27 മുനിസിപ്പാലിറ്റികളില്‍ ഏകപക്ഷീയ വിജയമാണ് ടിഎംസി സ്വന്തമാക്കിയത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിഎംസിക്ക് 70 ശതമാനം വോട്ടും ലഭിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബി ജെ പിക്ക് 9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 12 ശതമാനം വോട്ട് നേടി ഇടതുമുന്നണി രണ്ടാമതെത്തി. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ വലിയ തിരിച്ചടിയാണ് ബംഗാളില്‍ ബിജെപി നേരിടുന്നത്.
കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലെ കോണ്ടായി മുനിസിപ്പാലിറ്റിയില്‍ ടിഎംസി അധികാരം നിലനിര്‍ത്തി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹബ്ര, ഹലിസഹാര്‍, കാഞ്ചരപാറ, നൈഹാത്തി മുനിസിപ്പാലിറ്റികള്‍ മുഴുവന്‍ സീറ്റുകളും ടിഎംസി നേടിയതിനാല്‍ പ്രതിപക്ഷ നിര സംപൂജ്യരായി. മൂന്ന് മുന്‍സിപ്പാലിറ്റികളിലാണ് ആര്‍ക്കും കൃത്യമായ ഭൂരിപക്ഷം ഇല്ലാത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.