വിഗ്രഹാരാധനയെ നിക്ഷേധിച്ച് രക്തസാക്ഷിയായ സീസേറായിലെ വിശുദ്ധ മാരിനൂസ്

 വിഗ്രഹാരാധനയെ നിക്ഷേധിച്ച് രക്തസാക്ഷിയായ സീസേറായിലെ വിശുദ്ധ മാരിനൂസ്

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 03

കുടുംബ മഹിമ കൊണ്ടും സമ്പത്തു കൊണ്ടും പ്രസിദ്ധനായിരുന്നു സീസേറായിലെ മാരിനൂസ്. വിഗ്രഹാരാധകരായിരുന്ന വലേരിയന്‍ ചക്രവര്‍ത്തിയുടേയും (253-259) അദ്ദേഹത്തിന്റെ മകനായിരുന്ന ഗല്ലിയേനൂസിന്റേയും (260-268) പടയാളിയായിരുന്നു അദ്ദേഹം.

പടയാളി എന്നതിലുപരി അടിയുറച്ച ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നു മാരിനൂസ്. 272 ല്‍ റോമന്‍ സൈന്യത്തില്‍ ഒരു ശതാധിപന്റെ ഒഴിവു വന്നപ്പോള്‍ മാരിനൂസും മറ്റൊരു പടയാളിയും അതിനായി അപേക്ഷിച്ചു. മാരിനൂസിനായിരുന്നു പ്രഥമ പരിഗണന ലഭിച്ചത്. ഇത് മനസിലാക്കിയ സഹ പടയാളി, ശതാധിപനാകുന്ന വ്യക്തി ചക്രവര്‍ത്തിക്കായി ബലിയര്‍പ്പിക്കണമെന്ന നിയമം ചൂണ്ടികാട്ടി.

ഇത് കേട്ട രാജാവ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വിഗ്രഹാരാധകരുടെ ദൈവത്തോട് പ്രാര്‍ത്ഥിച്ച് പ്രതിജ്ഞയെടുക്കുവാനും അവരുടെ ദൈവത്തിനു ബലിയര്‍പ്പിക്കുവാനും മാരിനൂസിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിഷേധിച്ചു.

താന്‍ ഒരു ക്രിസ്ത്യാനിയാണെന്ന കാര്യം മാരിനൂസ് തുറന്നു പറയുകയും ബലിയര്‍പ്പിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തു. മനസ് മാറ്റുവാന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന് മൂന്നു മണിക്കൂര്‍ സമയം നല്‍കി. എന്നാല്‍ മാരിനൂസ് ആ സമയം മുഴുവനും തിയോടെക്ക്‌നൂസ് മെത്രാനോടൊപ്പം ദേവാലയത്തിനകത്ത് വിശുദ്ധ ലിഖിതങ്ങള്‍ ധ്യാനിച്ച് ചിലവഴിച്ചു.

മൂന്ന് മണിക്കൂര്‍ അവസാനിച്ചപ്പോഴും അദ്ദേഹം തന്റെ തീരുമാനത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. ഇതിന്റെ ഫലമായി സിസേറിയാ ഫിലിപ്പിയില്‍ വെച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം മാരിനൂസിനെ തലയറുത്ത് കൊന്നു.

വിശുദ്ധ മാരിനൂസിന്റെ പീഡനങ്ങളുടെ സമയത്ത് വിശുദ്ധ ആസ്റ്റെരിയൂസ് അവിടെ സന്നിഹിതനായിരുന്നു. വിശുദ്ധന്റെ വധം നടപ്പായതിനു ശേഷം വിശുദ്ധ ആസ്റ്റെരിയൂസ് തന്റെ സെനറ്റര്‍ പദവിയുടെ വിശേഷ വസ്ത്രം അഴിച്ചു നിലത്തു വിരിച്ച് വിശുദ്ധ മാരിനൂസിന്റെ ശരീരവും തലയും അതില്‍ പൊതിഞ്ഞെടുക്കുകയും ആ ഭൗതീകാവശിഷ്ടങ്ങള്‍ തന്റെ ചുമലില്‍ വഹിച്ചു യഥാവിധം അടക്കം ചെയ്യുകയും ചെയ്തു.

ഇപ്രകാരം ചെയ്തതിനാല്‍ വിശുദ്ധ ആസ്റ്റെരിയൂസിനേയും വധശിക്ഷക്ക് വിധിക്കുകയും അദ്ദേഹവും ശിരച്ചേദം ചെയ്തു വധിക്കപ്പെടുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റവേന്നായിലെ കമില്ല

2. ഔവേണിയിലെ കലുപാന്‍

3. മൊഡേനയിലെ ആന്‍സെല

4. സീസേറായിലെ അസ്റ്റെരിയൂസ്

5. ലീന്‍സ്റ്റെര്‍ ബിഷപ്പായ ചേലെ ക്രിസ്ത് (ക്രിസ്തികൊളാ)

6. ക്ലെയോണിക്കൂസും ഏവുട്രേപ്പിയൂസും ബസിലിസ്‌കൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.