ബിജെപിയെ കര്‍ഷകര്‍ തോല്പിക്കും: വിഎച്ച്പി മുന്‍ പ്രസിഡന്റ്

ബിജെപിയെ കര്‍ഷകര്‍ തോല്പിക്കും: വിഎച്ച്പി മുന്‍ പ്രസിഡന്റ്

നാഗ്പൂര്‍: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് മുന്‍ ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. കര്‍ഷകരോക്ഷവും ജനങ്ങളുടെ അസംതൃപ്തിയും മറികടക്കുക ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എളുപ്പമല്ലെന്നും അദേഹം പറഞ്ഞു. ഒരുകാലത്ത് നരേന്ദ്ര മോഡിയുടെ സന്തതസഹചാരിയായിരുന്നു തൊഗാഡിയ. എന്നാല്‍ പിന്നീട് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.

കൃഷിക്കാര്‍ നഷ്ടപരിഹാരത്തിനും കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയ്ക്കുമായി കാത്തിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരോ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളോ ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണെന്നും തൊഗാഡിയ ആരോപിച്ചു. ഉക്രെയ്‌നില്‍ നിന്നുള്ള വിദ്യാര്‍ഥികളെ തിരികെയെത്തിക്കുന്നതില്‍ കേന്ദ്രം വീഴ്ച്ചവരുത്തിയെന്നും മുന്‍ വിഎച്ച്പി അധ്യക്ഷന്‍ പറയുന്നു. ഫെബ്രുവരി 15ന് മുമ്പെങ്കിലും ഇവരെ നാട്ടിലെത്തിക്കണമായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് പോകുന്നുവെന്ന് മനസിലാക്കിയപ്പോള്‍ തന്നെ ഇടപെടാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും തൊഗാഡിയ ആരോപിച്ചു.

രാജ്യത്ത് വെറും 45,000 മെഡിക്കല്‍ സീറ്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനത്തിലുള്ളത്. ഇവിടെ കോഴ്‌സ് പഠിച്ചിറങ്ങുന്നത് വളരെ ചെലവേറിയ കാര്യമാണ്. അതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഉക്രൈയ്ന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നതെന്നും ഒരു ചോദ്യത്തിന് ഉത്തരമായി തൊഗാഡിയ പറഞ്ഞു. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് പത്തിന് പുറത്തുവരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.