ദുബായ്: പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങളില്‍ യുഎഇ നല്‍കിയ ഇളവുകള്‍ പ്രാബല്യത്തിലായി. കോവിഡ് വാക്സിന്‍ സ്വീകരിച്ചവർക്ക് യാത്രയ്ക്ക് മുന്‍പുളള കോവിഡ് പിസിആർ പരിശോധന ആവശ്യമില്ലെന്ന് നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചിരുന്നു.
ഇന്ത്യയടക്കമുളള ഏത് രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇളവുകള്‍ ബാധകമാണ്. അതേസമയം വാക്സിന്‍ എടുത്തകാലാവധി അടക്കമുളള കാര്യങ്ങള്‍ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ടോയെന്നുളള കാര്യത്തില്‍ പലർക്കും ആശങ്കകള്‍ ഉണ്ട്.
എത്തിഹാദിന്‍റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നത് യാത്രാക്കാർ ക്യൂ ആർ കോഡുളള വാക്സിനേഷന്‍ രേഖകള്‍ കൈയ്യില്‍ കരുതണമെന്നാണ്.യാത്രയ്ക്ക് 14 ദിവസം മുന്‍പെങ്കിലും യുഎഇ അംഗീകൃതവാക്സിനെടുത്തിരിക്കണം. എമിറേറ്റ്സ് വ്യക്തമാക്കുന്നത് യാത്രാക്കാർ ക്യൂ ആർ കോഡുളള യുഎഇ - ഡബ്യൂ എച്ച് ഒ അംഗീകരിച്ച വാക്സിനേഷന്‍ രേഖകള്‍ കൈയ്യില്‍ കരുതണമെന്നാണ്.
ഫ്ളൈ ദുബായും സമാനമായ നിർദ്ദേശമാണ് നല്കിയിട്ടുളളത്. അതേസമയം വാക്സിന്‍ പൂർണമാക്കിയിരിക്കണമെന്നതല്ലാതെ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്നതരത്തില്‍ ഒരു നിർദ്ദേശവും ഇതുവരെ വിമാനകമ്പനികള്‍ നല്‍കിയിട്ടില്ല.
വാക്സിനെടുത്തില്ലെങ്കില്‍
അബുദബിയിലേക്ക് എത്തുന്നവർ വാക്സിനേഷന്‍ സ്വീകരിക്കാത്തവരാണെങ്കിലും കോവിഡ് വന്ന് ഭേദമായതിന്‍റെ രേഖകള്‍ കൈവശമില്ലാത്തവരാണെങ്കിലും യാത്രയ്ക്ക് 48 മണിക്കൂർ മുന്‍പ് പിസിആർ പരിശോധന നടത്തിയിരിക്കണമെന്ന് എത്തിഹാദ് അറിയിക്കുന്നുണ്ട്. ഏത് രാജ്യത്തേക്കാണോ അബുദബി വഴി യാത്ര ചെയ്യുന്നത് ആ രാജ്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും യാത്രയ്ക്ക് മുന്‍പ് പിസിആർ പരിശോധന നടത്തണമെന്ന് എത്തിഹാദ് വ്യക്തമാക്കുന്നു.
വാക്സിനെടുക്കാത്ത 16 വയസിന് താഴെയുളള കുട്ടികള്‍ക്ക് അബുദബിയില്‍ പിസിആർ പരിശോധനയില്ല. 12 വയസിന് താഴെയുളള കുട്ടികള്‍ക്ക് ദുബായിലേക്കോ ഷാർജയിലേക്കോ യാത്ര ചെയ്യുമ്പോള്‍ പിസിആർ പരിശോധനയില്ലെന്ന് എമിറേറ്റ്സും എയർ അറേബ്യയും വ്യക്തമാക്കുന്നു.പിസിആർ പരിശോധന നടത്തിയതിന്‍റെ പ്രിന്‍റ് കൈയ്യില്‍ കരുതണമെന്നാണ് ഫ്ളൈ ദുബായ് അറിയിക്കുന്നത്.
സാഹചര്യങ്ങള്‍ വിലയിരുത്തി അതത് സമയത്ത് ഓരോ വിമാനകമ്പനികളും യാത്ര നിബന്ധകളില്‍ മാറ്റം വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ യാത്രയ്ക്ക് മുന്‍പ് വിമാനകമ്പനി പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നത് ഉചിതമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.