ഉക്രെയ്ന്‍ രക്ഷാദൗത്യം ഊര്‍ജിതമാക്കി കേന്ദ്രം; 19 വിമാനങ്ങളിലായി 3,726 പേര്‍ ഇന്ന് രാജ്യത്തെത്തും

ഉക്രെയ്ന്‍ രക്ഷാദൗത്യം ഊര്‍ജിതമാക്കി കേന്ദ്രം; 19 വിമാനങ്ങളിലായി 3,726 പേര്‍ ഇന്ന് രാജ്യത്തെത്തും


ന്യൂഡല്‍ഹി: ഉക്രെയ്ന്‍ രക്ഷാദൗത്യം ഇഴയുകയാണെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് ഏറ്റവുമധികം പേര്‍ രാജ്യത്തെത്തും.

പത്തൊമ്പത് വിമാനങ്ങളിലായി 3,726 പേരാണ് ഇന്നെത്തുകയെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ബുക്കറെസ്റ്റില്‍ നിന്ന് എട്ടും ബുഡാപെസ്റ്റില്‍ നിന്ന് അഞ്ചും വിമാനങ്ങള്‍ എത്തും. മറ്റ് മൂന്നിടങ്ങളില്‍ നിന്നും ആറ് വിമാനങ്ങളും സര്‍വീസ് നടത്തും.

അതേസമയം ഉക്രെയ്‌നില്‍ നിന്നും രക്ഷാ ദൗത്യവുമായി വ്യോമ സേനയുടെ ഒരു വിമാനം കൂടി മടങ്ങിയെത്തി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 628 വിദ്യാര്‍ത്ഥികളാണ് ഇതുവരെ രാജ്യത്ത് തിരിച്ചെത്തിയത്. പോളണ്ടില്‍ നിന്നും 220 യാത്രക്കാരുമായാണ് ഒടുവിലെ വിമാനം എത്തിയത്.

അവസാന ഇന്ത്യാക്കാരനെയും തിരികെ എത്തിക്കുന്നത് വരെ വിശ്രമമില്ലെന്ന് വിദ്യാര്‍ത്ഥികളെ സ്വീകരിച്ച ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. ഉക്രെയ്‌നില്‍ നിന്നും മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വ്യക്തമാക്കിയിട്ടുണ്ട്

ഉക്രെയ്‌നില്‍ നിന്നും ഡല്‍ഹിയിലെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. രാവിലെ ഒമ്പതരയ്ക്കാണ് ഒരു വിമാനം യാത്ര തിരിച്ചത്. മറ്റൊന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കും വൈകിട്ട് ആറരയ്ക്കും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിക്കും.

നെടുമ്പാശേരി വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഡെസ്‌ക്ക് ഉക്രെയ്‌നില്‍ നിന്നെത്തുന്നവരുടെ തുടര്‍ യാത്രയും മറ്റ് ആവശ്യങ്ങളും ഏകോപിപ്പിക്കും. നെടുമ്പാശേരിയില്‍ നിന്നും കാസര്‍ഗോഡിനും തിരുവനന്തപുരത്തിനും ബസ് സര്‍വീസുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.