നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി; വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി; വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രത്യേക കോടതിയുടെ ചോദ്യം. കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു.

ഭാവിയില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ മാത്രമേ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഉള്ളുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് അടുത്ത മൂന്നിലേക്ക് പരിഗണിക്കാനായി മാറ്റി.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. അന്വേഷണം രണ്ട് മാസം പിന്നിട്ടു. ഈ മാസം ഒന്നിന് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുമായി ക്രൈംബ്രാഞ്ച് സംഘം കോടതിയിലെത്തിയത്.

തുടരേന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഇനിയും നിരവധി പേരെ ചോദ്യം ചെയ്യാനുണ്ട്. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം കോടതിക്ക് കൈമാറി. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യങ്ങള്‍.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന് മാറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയും ഹൈക്കോടതിയുടെ മുന്നിലുണ്ട്.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24 ന് ദിലീപ് കോടതിയില്‍ വാദിച്ചത്.

എന്നാല്‍ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷന്‍ തള്ളി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്നാണ് അന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.