ഉക്രെയ്ന്‍: കേന്ദ്രത്തിന്റെ നടപടികള്‍ക്ക് പ്രതിപക്ഷ പിന്തുണ

ഉക്രെയ്ന്‍: കേന്ദ്രത്തിന്റെ നടപടികള്‍ക്ക് പ്രതിപക്ഷ പിന്തുണ

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ. വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാഴാഴ്ച ചേര്‍ന്ന ഉപദേശകസമിതി യോഗത്തിലാണ് പ്രതിപക്ഷം സര്‍ക്കാരിന് പിന്തുണ നല്‍കിയത്.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇന്ത്യയുടെ നിലപാടും സ്ഥിതിഗതികളും വിശദീകരിച്ചു. ആറു പാര്‍ട്ടികളിലെ ഒന്‍പത് എം.പിമാര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ആനന്ദ് ശര്‍മ എന്നിവരാണ് സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍. 21 അംഗ സമിതിയുടെ അധ്യക്ഷന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കറാണ്. ഗുണപരമായ യോഗമാണ് നടന്നതെന്നും എല്ലാവരും ഒറ്റക്കെട്ടായി പിന്തുണച്ചെന്നും മന്ത്രി ട്വീറ്റുചെയ്തു.

കൂടാതെ ചര്‍ച്ചയും നയതന്ത്രജ്ഞതയും സംബന്ധിച്ച് ദേശീയ സമവായം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ഒറ്റക്കെട്ടാണെന്ന ജയ്ശങ്കറിന്റെ അഭിപ്രായത്തോട് ശശി തരൂര്‍ യോജിച്ചു. തുറന്ന ചര്‍ച്ചയാണ് നടന്നതെന്ന് അദ്ദേഹം ട്വീറ്റുചെയ്തു. കാര്യങ്ങള്‍ സമഗ്രമായി തങ്ങളെ ധരിപ്പിക്കുകയും ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും സര്‍ക്കാര്‍ തുറന്ന മറുപടി നല്‍കുകയും ചെയ്തു. ഈയൊരു ഊര്‍ജത്തോടെ തന്നെയാണ് വിദേശനയം കൈകാര്യം ചെയ്യേണ്ടത്. രാജ്യതാല്‍പര്യം വരുമ്പോള്‍ ആത്യന്തികമായി എല്ലാവരും ഇന്ത്യക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടു നിന്നതിനെ തരൂര്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി യോഗം ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.