ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി; രക്ഷാ ദൗത്യത്തിന് വേഗം കൂട്ടുമെന്ന് കേന്ദ്രം

ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി; രക്ഷാ ദൗത്യത്തിന്  വേഗം കൂട്ടുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്താന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി.

രക്ഷാ ദൗത്യം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതികള്‍ അവ പരിഗണിക്കേണ്ടതില്ലെന്നും പരമോന്നത നീതിപീഠം നിര്‍ദേശിച്ചു.

ഉക്രെയ്‌നില്‍ നിന്ന് ഇതുവരെ പതിനേഴായിരം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണ്ണി ജനറല്‍ കോടതിയെ അറിയിച്ചു. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം കോടതിക്ക് ഉറപ്പു നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ ഉക്രെയ്‌നിലെ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഖാര്‍കീവ്, പിസോച്ചിന്‍, സുമി തുടങ്ങിയ നഗരങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്.

പിസോച്ചിനിലും മലയാളികള്‍ ഉള്‍പ്പടെ രക്ഷയ്ക്കായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാരാണ്. കിഴക്കന്‍ ഉക്രെയ്‌നില്‍ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറന്‍ ഉക്രെയ്‌നില്‍ എത്തിച്ചേര്‍ന്നാലും എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ടെന്നാണ് മലയാളികളില്‍ നിന്നടക്കമുള്ള വിവരം. വിദേശകാര്യ മന്ത്രാലയം നേരത്തെ നല്‍കിയ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന വ്യാപക പരാതികള്‍ കിട്ടിയതായി കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി വേണു രാജാമണി പറഞ്ഞു.

കിഴക്കന്‍ ഉക്രെയ്‌നിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മൂന്നാമതും ഉന്നത തല യോഗം വിളിച്ചു. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കുന്ന പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാ ദൗത്യത്തിനായി സജ്ജമാകാന്‍ വ്യോമസനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റഷ്യന്‍ നിര്‍മ്മിത ഐഎല്‍ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേനാ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാല്‍ വിമാനങ്ങള്‍ പുറപ്പെടും. ഇതിനിടെ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖാര്‍കീവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് പദ്ധതി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.