വിവാദങ്ങള്‍ക്കൊടുവില്‍ ഡിസിസി പുനഃസംഘടന സമവായത്തിലേക്ക്; ഭാരവാഹി പ്രഖ്യാപനം തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ

വിവാദങ്ങള്‍ക്കൊടുവില്‍ ഡിസിസി പുനഃസംഘടന സമവായത്തിലേക്ക്; ഭാരവാഹി പ്രഖ്യാപനം തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഇടയില്‍ കോണ്‍ഗ്രസ് പുനഃസംഘടന പൂര്‍ത്തിയാകുന്നു. സമവായത്തിലെത്താനായതോടെ തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ ഡിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചേക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി. സതീശനും ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. ചില ജില്ലകളില്‍ ഇനിയും ചര്‍ച്ച നടത്താനുണ്ട്. തിങ്കളാഴ്ച്ച ഇരുനേതാക്കളും വീണ്ടും ചര്‍ച്ച നടത്തും.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുടെ കാര്യത്തിലാണ് ഇന്നലെ ധാരണയായത്. 15 ഡിസിസി ഭാരവാഹികള്‍ മാത്രമുള്ള ചെറിയ ജില്ലകളാണു കാസര്‍കോടും വയനാടും. സംഘടനാപരമായി വലിയ ജില്ലകളായ എറണാകുളത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും ചര്‍ച്ച തുടങ്ങിയിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പട്ടിക പ്രഖ്യാപിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. ഡിസിസി പുനഃസംഘടനയില്‍ ഗ്രൂപ്പ് കൈ കടത്തലുണ്ടാകില്ലെന്നു പ്രതിപക്ഷ നേതാവുമായി നടത്തിയ ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് ഉറപ്പു നല്‍കി.

മാസങ്ങള്‍ നീണ്ട അധ്വാനത്തിനുശേഷമാണ് കരട് പട്ടിക തയാറാക്കിയത്. അതിനാല്‍ ഭാരവാഹി പ്രഖ്യാപനമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഈ നിര്‍ദേശങ്ങളോട് സതീശന്‍ പൂര്‍ണമായും യോജിച്ചു. തുടര്‍ന്നാണ് പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാന്‍ ധാരണയായത്. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ജില്ല തിരിച്ചുള്ള കരട് പട്ടികയാണ് സുധാകരനും സതീശനും ചേര്‍ന്ന് പരിശോധിച്ച് അന്തിമമാക്കുന്നത്. എംപിമാരുടെ പരാതിയുണ്ടെന്ന പേരില്‍ ആയിരുന്നു ഹൈക്കമാന്റ് പുനഃസംഘടന നിര്‍ത്തിവെച്ചത്. ഇതില്‍ രോഷാകുലനായ സുധാകരന്‍ പദവി ഒഴിയും എന്നുവരെ എഐസിസിയെ അറിയിച്ചുരുന്നു. ഇതോടെ പുനഃസംഘടന വഴിമുട്ടിയേക്കുമെന്ന ആശങ്ക നിലനിന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.