13 മാസം, 1.33 ലക്ഷം വാക്സിന്‍; പ്രിയയുടെ കരുതലിന് രാജ്യത്തിന്റെ ആദരം

13 മാസം, 1.33 ലക്ഷം വാക്സിന്‍; പ്രിയയുടെ കരുതലിന് രാജ്യത്തിന്റെ ആദരം

തിരുവനന്തപുരം: രാജ്യം കോവിഡിനെതിരായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും കോവിഡ് മുന്നണിപോരാളികളും വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നതിന്റെ ഫലം ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തില്‍ കാണാനുമാകും. കോവിഡ് പോരാട്ടത്തില്‍ ഒരു മലയാളി നേഴ്‌സിനെ തേടിയൊരു ദേശീയ പുരസ്‌കാരം എത്തിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധ വാക്സിനേഷന്‍ വിതരണം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മികച്ച വനിതാ വാക്‌സിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരം ഗ്രേഡ് വണ്‍ നഴ്സിങ് ഓഫീസറായ ടി.ആര്‍. പ്രിയയെ തേടിയെത്തിയത്. ഗ്രേഡ് വണ്‍ നഴ്‌സിങ് ഓഫീസറായ പ്രിയ, 488 സെഷനുകളിലായി 1,33,161 ഡോസ് കോവിഡ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. ഓരോ ദിവസവും വാക്സിനേഷനായെത്തുന്ന അവസാന ആള്‍ക്കും കുത്തിവയ്പു നല്‍കി നിരീക്ഷണം പൂര്‍ത്തിയാക്കി അവര്‍ പോകുന്നതു വരെ പ്രിയ വാക്സിനേഷന്‍ കേന്ദ്രത്തിലുണ്ടാവും.

സംസ്ഥാനത്ത് കൊറോണ വാക്സിനേഷന്‍ വിതരണം ആരംഭിച്ച 2021 ജനുവരി 19 മുതല്‍ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് പ്രിയയ്ക്ക് ഡ്യൂട്ടി. ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയപ്പോള്‍ സ്‌കൂളില്‍ തയാറാക്കിയ കേന്ദ്രത്തിലായിരുന്നു സേവനം. ഇതിനിടെ നൂറ് മുതല്‍ ആയിരം വരെ കുത്തിവെയ്പ്പുകള്‍ നടത്തിയ ദിവസങ്ങളുണ്ടായെന്ന് പ്രിയ പറയുന്നു. മലയിന്‍കീഴ് കരിപ്പൂര്‍ ഡ്രീം കാസിലില്‍ ഭര്‍ത്താവ് സുന്ദര്‍ സിങ്ങിനും മക്കള്‍ക്കുമൊപ്പമാണ് പ്രിയ താമസിക്കുന്നത്. ലോകവനിതാ ദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യയില്‍ നിന്ന് പ്രിയ പുരസ്‌കാരം ഏറ്റുവാങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.