യുട്യൂബ് ചില്ലറക്കാരനല്ല; ഇന്ത്യക്കാര്‍ സമ്പാദിച്ചത് 6,800 കോടി രൂപ

യുട്യൂബ് ചില്ലറക്കാരനല്ല; ഇന്ത്യക്കാര്‍ സമ്പാദിച്ചത് 6,800 കോടി രൂപ

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും മൊബൈല്‍ എന്നതുപോലെയാണ് ഇപ്പോള്‍ യുട്യൂബ് ചാനല്‍. യുട്യൂബ് ചാനലില്ലാത്തവര്‍ ഇപ്പോള്‍ ഇല്ലെന്നുതന്നെ പറയാം. യുട്യൂബിനെ വെറും സമയംകൊല്ലി എന്നുപറഞ്ഞ് പുച്ഛിക്കാന്‍ വരട്ടെ. കഴിഞ്ഞ ഒരുവര്‍ഷം യുട്യൂബിലൂടെ ഇന്ത്യക്കാര്‍ സമ്പാദിച്ച പണത്തിന്റെ കണക്കുകേട്ടാല്‍ നിങ്ങളൊന്നു ഞെട്ടും. യൂട്യൂബ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്തതായും 6.83 ലക്ഷത്തിലധികം തൊഴില്‍ സൃഷ്ടിച്ചതായും ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6,000ത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളും ബിസിനസുകാരുമായി നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കിയാണ് പഠനം പുറത്തുവിട്ടത്.

രാജ്യത്തെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് സാമ്പത്തിക വളര്‍ച്ചയെയും തൊഴിലവസരത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കുന്ന ശക്തിയായി ഉയര്‍ന്നുവരാനുള്ള കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുറഞ്ഞത് ഒരുലക്ഷം രൂപ വരുമാനം നേടുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം വര്‍ഷം തോറും 60 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. വരുമാനം ലഭിക്കുന്നതിനാല്‍ ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരാന്‍ കാരണമാകുന്നു. പരസ്യം, പരസ്യേതര വരുമാനം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ഓക്‌സ്ഫോഡിന്റെ പഠനം. യൂട്യൂബ് ക്രിയേറ്റര്‍മാര്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ദാതാക്കളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ 72 ശതമാനത്തിന്റെയും പ്രധാന വരുമാരം യുട്യൂബില്‍ നിന്നാണ്. പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ നേടാന്‍ യൂട്യൂബ് സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ് 80 ശതമാനം കണ്ടന്റ് ക്രിയേറ്റര്‍മാരുമെന്നും ഓക്സഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. പ്രദേശിക ഭാഷകളിലെ കണ്ടന്റുകള്‍, പഠനം, പാചകം, ടെക്നോളജി, ഗെയിമിംഗ് തുടങ്ങിയവയാണ് ക്രിയേറ്റര്‍മാര്‍ക്ക് നേട്ടമുണ്ടാക്കുന്നവ. യുട്യൂബ് കൊണ്ടുമാത്രം ജീവിതം കെട്ടിപ്പൊക്കിയ മലയാളികളുടെ എണ്ണവും കുറവല്ല.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.