തിരുവനന്തപുരം: ഹോര്‍മോണ്‍ രഹിത കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'കേരള ചിക്കന്‍' പദ്ധതിയില്‍ 75 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍. ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുന്ന പദ്ധതിയില്‍ 75,02,13,231.12 രൂപയുടെ വിറ്റുവരവാണ് നടന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനപ്രിയമായ പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്.
പാലക്കാട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നീ നാല് ജില്ലകളില്‍ക്കൂടിയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. 2017 നവംബറില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ആറ് ജില്ലകളില്‍ 260 ഫാമുകളും 94 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ 'കേരള ചിക്കന്‍' ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ്.
മൃഗസംരക്ഷണ വകുപ്പ് സമഗ്ര മേല്‍നോട്ടം നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായി, ഇന്റഗ്രേഷന്‍ ഫാമിങ് വഴി ഇറച്ചിക്കോഴി വിപണിയിലെത്തിക്കല്‍, പ്രോസസിങ് യൂണിറ്റ് ആരംഭിച്ച് പ്രവര്‍ത്തിപ്പിക്കല്‍ എന്നീ രണ്ട് പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ ചെയ്യുന്നത്. കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് എന്ന കമ്പനിയും ഇതിനായി പ്രവര്‍ത്തിച്ചുവരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.