മംഗളൂരു: വിവിധ കാരണങ്ങളാൽ അമ്മയുടെ പാൽ ലഭിക്കാത്ത, മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പാൽ നൽകുന്നതിനായി മംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ മുലപ്പാൽ ബാങ്ക് സ്ഥാപിച്ചു. ലേഡി ഗോഷെൻ ഹോസ്പിറ്റലിലാണ് ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
ദക്ഷിണ കന്നഡ ജില്ലയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെ ജനിച്ച 1,781 കുട്ടികളിൽ 133 പേരും ഒരു മാസത്തിനുള്ളിൽ മരിച്ചുവെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ റിപ്രൊഡക്‌റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർസിഎച്ച്) വിഭാഗം തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിലെ നവജാത ശിശുക്കളുടെ (ഒരു മാസത്തിൽ താഴെയുള്ള) മരണനിരക്ക് 7.4 ശതമാനമാണ്. ഈ സാഹചര്യത്തിൽ കഴിയുന്നത്ര കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ഉറച്ച തീരുമാനമാണ് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനെ മുലപ്പാൽ ബാങ്ക് എന്ന ആശയത്തിലേക്കു നയിച്ചത്. ജില്ലയിൽ മൊത്തമുള്ള ശിശു മരണങ്ങളിൽ 60 മുതൽ 65 ശതമാനം വരെ ലേഡി ഗോഷെൻ ഹോസ്പിറ്റലിൽ ആയതിനാലാണ് ലേഡി ഗോഷെൻ ഹോസ്പിറ്റൽ പദ്ധതിക്കായി തിരഞ്ഞെടുത്തത്.
ഈ പദ്ധതിക്ക് കീഴിൽ, നവജാത ശിശുമരണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന മുലപ്പാൽ, അമ്മമാർ ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ദുർഗാപ്രസാദ് പറഞ്ഞു. അമ്മയുടെ പാലിലെ കൊളസ്ട്രം, എന്ന ഘടകത്തെ ജീവന്റെ അമൃതം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുവഴി കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾക്കെതിരെ പോരാടാൻ കുഞ്ഞുങ്ങളെ സഹായിക്കുകയും ചെയ്യും.
റോട്ടറി ക്ലബ് ഓഫ് മംഗളൂരു, മുതിർന്ന ശിശുരോഗ വിദഗ്ധരായ ഡോ.യു.വി. ഷേണായി, ഡോ. ബാലിഗ എന്നിവരുടെ പിന്തുണയോടെകൂടെയാണ് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മിൽക്ക് ബാങ്ക് പദ്ധതി നടപ്പാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.