ഷെയ്ന്‍ വോണിന് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി തായ് പോലീസ്; മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

ഷെയ്ന്‍ വോണിന് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍  ഉണ്ടായിരുന്നതായി തായ് പോലീസ്; മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

മെല്‍ബണ്‍: അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്കായി തായ്ലന്‍ഡിലെ സൂറത്ത് താനി ആശുപത്രിയിലെത്തിച്ചു. നടപടികള്‍ പൂര്‍ത്തിയയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തായ്ലന്‍ഡില്‍ എത്തിയിട്ടുണ്ട്.

തായ്ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് താമസിച്ചിരുന്ന ആഡംബര വില്ലയില്‍ വച്ച് വെള്ളിയാഴ്ച്ച ഷെയ്ന്‍ വോണ്‍ ഹൃദയാഘാതം വന്ന് മരിച്ചത്.

വോണിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും തായ്ലന്‍ഡിലെ ഓസ്ട്രേലിയന്‍ അംബാസഡര്‍ അലന്‍ മക്കിന്നനും ഓസ്ട്രേലിയയില്‍നിന്നെത്തിയ സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്നാണ് താരത്തിന്റെ മൃതദേഹം മരണം സംഭവിച്ച കോ സമൂയി ദ്വീപില്‍നിന്ന് സൂറത്ത് താനി നഗരത്തിലേക്കു കൊണ്ടുവന്നത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കോ സമൂയി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യമില്ല.

വോണിന്റെ മൃതദേഹം ഇപ്പോഴും തായ്ലന്‍ഡിലായതിനാല്‍ സംസ്‌കാര തീയതി തീരുമാനിച്ചിട്ടില്ല. ദേശീയ ബഹുമതികളോടെ സംസ്‌കാരം മെല്‍ബണില്‍ നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേരത്തെ അറിയിച്ചിരുന്നു.

ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവരാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്ന് താരത്തിന്റെ മാനേജര്‍ ജയിംസ് എറെസ്‌കിന്‍ അറിയിച്ചു. 52 വയസുകാരനായ ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍നിന്ന് കായിക ലോകത്തുള്ളവര്‍ ഇപ്പോഴും മുക്തരായിട്ടില്ല. വോണ്‍ താമസിച്ചിരുന്ന കോ സമൂയിയിലെ വില്ലകള്‍ക്കു പുറത്ത് നിരവധി പേര്‍ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അപ്രതീക്ഷിത മരണത്തിന് മുമ്പ് ഷെയ്ന്‍ വോണ്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറെ കണ്ടിരുന്നുവെന്ന് തായ് പോലീസ് വെളിപ്പെടുത്തി. മരിക്കുന്നതിന് മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ആസ്ത്മയും ചില ഹൃദയസംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും തായ് പോലീസ് പറയുന്നു.

അതേസമയം വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് തായ്ലന്‍ഡ് പോലീസിന്റെ നിഗമനം. വോണിന്റെ കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റെ മെഡിക്കല്‍ വിവരങ്ങള്‍ ലഭിച്ചതായി കോ സമൂയിയിലെ ബോ ഫട്ട് പോലീസ് സ്റ്റേഷന്‍ സൂപ്രണ്ട് യുട്ടാന സിരിസോംബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വോണിന് ആസ്ത്മയും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് കുടുംബം പോലീസിനെ അറിയിച്ചിട്ടുണ്ട്.

ഷെയ്ന്‍ വോണ്‍ മരിച്ച വില്ലയില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ഷെയ്ന്‍ വോണിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ എംബസി പ്രതിനിധികള്‍ കൂടി ബോ ഫട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ രീതിയില്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തായ്ലാന്‍ഡ് പോലീസ് അറിയിച്ചു.

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനു പുറത്തുള്ള വോണിന്റെ പ്രതിമയില്‍ ഒട്ടേറെ പേരാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. ഗ്രൗണ്ടിലെ ഗ്രേറ്റ് സതേണ്‍ ഗാലറി സ്റ്റാന്‍ഡ് വോണിന്റെ പേരിലാക്കുമെന്ന് വിക്ടോറിയ സംസ്ഥാന കായികമന്ത്രി മാര്‍ട്ടിന്‍ പാകുല അറിയിച്ചു.

അേതസമയം ഹൃദയാഘാതം വന്ന് അബോധാവസ്ഥയിലാകുന്നതിനു തൊട്ടു മുന്‍പു വരെ ഷെയ്ന്‍ വോണ്‍ പാക്കിസ്ഥാന്‍-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നെന്ന് വോണിന്റെ മാനേജര്‍ ജയിംസ് എറെസ്‌കിന്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സുഹൃത്തും ഈയിടെ വോണിനെക്കുറിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ആന്‍ഡ്രൂ നിയോഫിറ്റോയാണ് വോണിനെ അബോധാവസ്ഥയില്‍ ആദ്യം കണ്ടത്. റൂമിലെ ടെലിവിഷനില്‍ അപ്പോള്‍ പാക്കിസ്ഥാന്‍-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരമായിരുന്നു കാണിച്ചിരുന്നത്. നേരത്തേ നിശ്ചയിച്ച ഒരു മീറ്റിങ്ങിന് വോണിനെ വിളിക്കാന്‍ റൂമിലേക്കു പോയതായിരുന്നു ആന്‍ഡ്രൂ. വോണ്‍ അബോധോവസ്ഥയിലാണെന്ന് അറിഞ്ഞ ഉടന്‍ ആന്‍ഡ്രൂ പ്രാഥമിക ശുശ്രൂഷ നല്‍കി. പ്രതികരണമില്ല എന്നറിഞ്ഞതോടെ മറ്റുള്ളവരെ വിളിച്ച് ആശുപത്രിയില്‍ വിവരമറിയിച്ചു. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണ നിയന്ത്രണത്തിലായിരുന്നു വോണ്‍ എന്നും എറെസ്‌കിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.