'നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല; എങ്കിലും അവസാനം വരെ തുടരും': ആക്രമണത്തിനിരയായ നടി

'നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല; എങ്കിലും അവസാനം വരെ തുടരും': ആക്രമണത്തിനിരയായ നടി

കൊച്ചി: അതികഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ആക്രമണത്തിനിരയായ പ്രമുഖ നടി. പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത് അവതരിപ്പിക്കുന്ന 'വി ദി വിമണ്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. സ്വയം പഴിച്ചിരുന്ന ദിനങ്ങളില്‍ നിന്ന് പോരാടിയേ തീരൂ എന്ന മാനസികാവസ്ഥയിലേക്ക് എത്തിയതിനു പിന്നിലെ പിന്തുണ ചെറുതല്ലെന്നും കോടതി വിചാരണയ്ക്കിടയിലെ പതിനഞ്ചു ദിനങ്ങളാണ് അതിജീവിതയായി തിരിച്ചു വരാന്‍ കാരണമായതെന്നും നടി പറയുന്നു.

തന്റെ പിതാവ് ജീവിച്ചിരുന്നെങ്കില്‍, തനിക്ക് അടുത്ത ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ തനിക്കിത് സംഭവിക്കുമായിരുന്നില്ല എന്ന് താന്‍ ചിന്തിക്കുമായിരുന്നു. ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണെമെന്ന് തോന്നിയിരുന്നു. പുറത്ത് പറയേണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു.

എന്നാല്‍ ഡബ്‌ള്യൂ.സി.സി പോലെ ധാരാളം പേര്‍ തനിക്കൊപ്പം നിന്നു. താനിപ്പോഴും ഭയപ്പെടുകയാണ്. നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല. സംഭവത്തിന് ശേഷം തനിക്ക് പലരും അവസരം നിഷേധിച്ചു. എന്നാല്‍ ഭദ്രന്‍, ആശിഖ് അബു, പൃഥിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ജയസൂര്യ എന്നിവര്‍ താന്‍ മലയാളം സിനിമയിലേക്ക് തിരിച്ചുവരണമെന്നും ആവശ്യപ്പെടുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അപ്പോള്‍ മാനസികമായി തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ താന്‍ ചില മലയാളം കഥകള്‍ കേള്‍ക്കുകയാണെന്നും താരം വെളിപ്പെടുത്തി.

എല്ലാം തന്റെ തെറ്റായിരുന്നെന്ന് സ്വയം പഴിക്കുമായിരുന്നു. 2020 ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. പതിനഞ്ച് ദിവസം തനിക്ക് കോടതിയില്‍ പോകേണ്ടതായി വന്നു. മാനസികാഘാതം നല്‍കിയ ദിവസങ്ങളായിരുന്നു അത്. എന്നാല്‍ അവസാന ദിവസം തനിക്ക് താന്‍ ഇരയല്ല അതിജീവിതയാണെന്ന തിരിച്ചറിവ് ഉണ്ടാവുകയായിരുന്നു. അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.

ധാരാളം പേര്‍ തനിക്കൊപ്പം നിന്നെങ്കിലും തന്നെ അറിയാത്ത നിരവധി പേര്‍ ചാനലുകളിലും മറ്റുമിരുന്നു തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പറയുന്നത് കണ്ടു. താന്‍ രാത്രിയില്‍ സഞ്ചരിക്കാന്‍ പാടില്ലായിരുന്നു ഇതെല്ലാം കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളാണ് എന്ന് ചിലര്‍ പറഞ്ഞു. താന്‍ അത്തരമൊരു വ്യക്തിയല്ല, തന്റെ മാതാപിതാക്കള്‍ അങ്ങനെയല്ല വളര്‍ത്തിയത്. ഇതെല്ലാം വളരെയധികം തളര്‍ത്തിയെങ്കിലും അവസാനം വരെ പോരാടും.

തനിക്ക് വളരെ പിന്തുണ നല്‍കുന്ന ഒരു കൂട്ടമുണ്ട്. ഭര്‍ത്താവ്, കുടുംബം, സുഹൃത്തുക്കള്‍, പ്രേക്ഷകര്‍ തുടങ്ങി തന്നോട് സ്‌നേഹവും പിന്തുണയും നല്‍കിയ നിരവധി പേരുണ്ട്. അവരോടൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. യാത്രകളില്‍പ്പോലും ആളുകള്‍ വന്ന് പുണരുകയും അവര്‍ പ്രാര്‍ഥിക്കുന്നുണ്ട്, നീതി ലഭിക്കുമെന്നൊക്കെ പറയുന്നത് മനസില്‍ തൊടും. അവരോടെല്ലാം നന്ദിയുണ്ടെന്നും നടി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.