എണ്ണവിലയ്‌ക്കൊപ്പം സ്വര്‍ണവിലയും കുതിക്കുന്നു; ഓഹരിവിപണിയില്‍ വന്‍ഇടിവ്

എണ്ണവിലയ്‌ക്കൊപ്പം സ്വര്‍ണവിലയും കുതിക്കുന്നു; ഓഹരിവിപണിയില്‍ വന്‍ഇടിവ്

മുംബൈ: റഷ്യ-ഉക്രെയ്ന്‍ യുദ്ധവും എണ്ണ, സ്വര്‍ണ വിലകളിലെ കുതിപ്പും ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു. അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളര്‍ പിന്നിട്ടതോടെ കനത്ത തകര്‍ച്ച നേരിട്ടിരിക്കുകയാണ് ഓഹരി വിപണി. നിഫ്റ്റി 15,900ന് താഴെയെത്തി. സെന്‍സെക്സ് 1,400 പോയന്റ് തകര്‍ന്ന് 52,938ലും നിഫ്റ്റി 385 പോയന്റ് നഷ്ടത്തില്‍ 15,856ലുമാണ് വ്യാപാരം ആരംഭിച്ചത്. വിദേശനിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്‍വലിയുന്നത് വരുംദിവസങ്ങളില്‍ കൂടുതല്‍ തകര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നാണ് ആശങ്ക.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. നാല്‍പ്പതിനായിരത്തിന് അടുത്താണ് ഇന്ന് ഒരു പവന് വില. പവന് 800 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ 38,720 രൂപയായിരുന്നു ഒരു പവന് വില. ഇന്നത് 39,520 രൂപയായി. ഗ്രാമിന് 100 വര്‍ധിച്ച് 4940 രൂപയായി. ഇന്നലെ 4840 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് അഞ്ചിന് പവന് പവന് 560 രൂപയും ഗ്രാമിന് 70 വര്‍ധിച്ചിരുന്നു. മാര്‍ച്ച ആറിന് ഇതേ വില തുടര്‍ന്നതിനു ശേഷമാണ് ഇന്ന് വില വീണ്ടും കൂടിയിരിക്കുന്നത്.

ഇന്ന് പ്രധാന സൂചികകളോടൊപ്പം ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു. ഇരു സൂചികകളും 2.3ശതമാനം വീതമാണ് താഴ്ന്നത്. ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.

എനര്‍ജി, മെറ്റല്‍ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ 2.5ശതമാനത്തോളം നേട്ടത്തിലാണ്. ബാങ്ക്, ഓട്ടോ, റിയാല്‍റ്റി സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍. നാലുശതമാനം താഴ്ന്നു. ഐടി, മെറ്റല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ വിപണികളില്‍ മിക്കതും കഴിഞ്ഞ കുറെദിവസങ്ങളായി ഇടിവാണ് രേഖപ്പെടുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.