വത്തിക്കാന്‍ സിറ്റി: തിന്മയോടു വിട്ടുവീഴ്ച പാടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തിന്മയുമായി ഉടമ്പടി ചെയ്യാത്ത യേശുവിലേക്കാണ്് നിരന്തരം നോക്കേണ്ടതെന്നും ഞായറാഴ്ച ദിവ്യബലി പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. നാല്‍പ്പത് രാവും പകലും നീണ്ട മരുഭൂമിയിലെ കഠിന ഉപവാസത്തിനു ശേഷം പിശാചിന്റെ പ്രലോഭനത്തെ യേശു അതിജീവിച്ചതു വിശദമാക്കുന്ന സുവിശേഷ ഭാഗത്തെ അധികരിച്ചായിരുന്നു വചന സന്ദേശം.
ജീവിതയാത്രയില്‍ നമ്മെ അനുഗമിക്കുന്ന പ്രലോഭനങ്ങള്‍ക്കെതിരെ സദാ ജാഗ്രത പുലര്‍ത്തണമെന്ന് മാര്‍പാപ്പ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.ദൈവവചനം ഉപയോഗപ്പെടുത്തി പ്രലോഭനങ്ങളോട് പ്രതികരിക്കണം. തിന്മയുമായി ഉടമ്പടി ചെയ്യാത്ത യേശുവിലേക്കു തിരിഞ്ഞിരിക്കണം അകക്കണ്ണുകള്‍. തിന്മയുടെ വശീകരണങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്നതിനുള്ള പരിശീലനത്തിന്റെ പ്രതീകമാണ് മരുഭൂമിയിലെ പരീക്ഷണമെന്ന് മാര്‍പ്പാപ്പ വിശദീകരിച്ചു.
താന്‍ ഏതുതരം മിശിഹാ ആയിരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യേശു നിര്‍ണ്ണായകമായി സ്ഥിരീകരിക്കുന്നത് മരുഭൂമിയില്‍ ദൃശ്യമായ ഈ 'ആത്മീയ പോരാട്ട'ത്തിലൂടെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പിശാച് വശീകരണ നിര്‍ദ്ദേശവുമായാണ് യേശുവിനെ സമീപിക്കുന്നത്. 'നീ ദൈവപുത്രനാണെങ്കില്‍, ആ സ്ഥാനം പ്രയോജനപ്പെടുത്തുക'. അതായത്, എന്ത് നേട്ടമുണ്ടാക്കാനാകുമെന്ന കാര്യത്തില്‍ മനസ്സുറപ്പിക്കുക എന്നാണു പറഞ്ഞത്.
'ഹൃദയത്തിന്റെ അടിമത്ത'ത്തിലേക്ക് നയിക്കുന്ന നിര്‍ദ്ദേശമായിരുന്നു പിശാച് മുന്നോട്ടുവച്ചത്. വസ്തുക്കളുടെയും അധികാരത്തിന്റെയും പ്രശസ്തിയുടെയും ഉടമസ്ഥതയിലേക്ക് എല്ലാറ്റിനെയും ചുരുക്കുന്ന നിര്‍ദ്ദേശം- മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. പക്ഷേ, തിന്മയുടെ ആകര്‍ഷണങ്ങളെ യേശു ഫലപ്രദമായി എതിര്‍ത്ത് പരാജയപ്പെടുത്തി.
അധികാരത്തിന്റെ ആസക്തി മൂലം ജീവിതയാത്രയില്‍ നമ്മെ അനുഗമിക്കുന്ന പ്രലോഭനങ്ങള്‍ക്കെതിരെ മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി. അധികാരത്തോടുള്ള അമിത ഭ്രമം സേവനത്തിന്റെ സന്തോഷം അന്യമാക്കും . 'മറ്റുള്ളവരെ മുതലെടുക്കുന്നതിലല്ല, മറിച്ച് അവരെ സ്‌നേഹിക്കുന്നതിലാണ് സന്തോഷത്തിന്റെ ഉദയവും വളര്‍ച്ചയും ; സന്തോഷവും സ്വാതന്ത്ര്യവും കൈവശം വയ്ക്കുന്നതിലല്ല, പങ്കുവയ്ക്കുന്നതിലാണ് ശ്രദ്ധ വയ്‌ക്കേണ്ടത്.'
അസത്യത്തെ മറച്ചുവെച്ചുള്ള
ന്യായീകരണം ആപല്‍ക്കരം
'ഭയപ്പെടരുത്: പരീക്ഷണങ്ങള്‍ക്ക് എല്ലാവരും വിധേയരാകുന്നു. നാം ജാഗരൂകരായിരിക്കണം. കാരണം തിന്മയുടെ ശക്തി പലപ്പോഴും നന്മയുടെ വ്യക്തമായ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. വാസ്തവത്തില്‍, കൗശലക്കാരനായ പിശാച് എല്ലായ്പ്പോഴും വഞ്ചനയാണ് ഉപയോഗിക്കുന്നത്. പവിത്രതയുടെ മൂടുപടമിട്ട് മതപരമായ ദുരുദ്ദേശ്യങ്ങളോടെയും സ്വയം വേഷപ്രച്ഛന്നനായെത്താന്‍ അവനറിയാം.യേശു ഒരിക്കലും പിശാചുമായി വിലപേശലിനു നിന്നില്ല. പിശാചുമായുള്ള സംഭാഷണത്തില്‍ നിന്ന് വിശ്വാസികള്‍ വിട്ടു നില്‍ക്കുകയാണു വേണ്ടത്.'പിശാചിന്റെ മുഖസ്തുതിക്ക് നാം വഴങ്ങുന്നത് ആപല്‍ക്കരമാകും. നമ്മുടെ അസത്യത്തെ ദുരുദ്ദേശ്യത്തോടെ മറച്ചുവെച്ചുകൊണ്ട് ന്യായീകരണങ്ങളിലൂടെ അപകടത്തില്‍പ്പെടും' ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
'തിന്മയുമായുള്ള വിട്ടുവീഴ്ചകള്‍ക്ക് വഴി തെളിയാനിടയാകരുത്. മനസ്സാക്ഷിയെ ഉറക്കത്തിലാഴ്ത്തി നാം പ്രലോഭനവുമായി സംവദിക്കരുത്. എല്ലാവരും അത് ചെയ്യുന്നതിനാല്‍ ഗൗരവമാക്കേണ്ടതില്ല എന്ന നിലപാടും അപകടകരമാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തുനിയാതെ, തിന്മയുമായി ഉടമ്പടി ചെയ്യാത്ത യേശുവിലേക്കാണ് നോക്കേണ്ടത്. പിശാചിനെക്കാള്‍ ശക്തമാണ് ദൈവവചനം. ഈ വചനം കൊണ്ട് യേശു പിശാചിനെ എതിര്‍ത്തു, അങ്ങനെ പ്രലോഭനത്തെ വിജയകരമായി മറികടന്നു.'
'ഈ നോമ്പുകാലം ഏവര്‍ക്കും മരുഭൂമിയനുഭവത്തിന്റെ സമയമാകട്ടെ,' ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 'നമുക്ക് കുറച്ച് സമയം നിശബ്ദതയ്ക്കും പ്രാര്‍ത്ഥനയ്ക്കും വിനിയോഗിക്കാം; അത് ഗുണകരമാകും. ഈ വേളകളില്‍, ഹൃദയത്തിലേക്ക് ചുഴിഞ്ഞിറങ്ങി നമ്മുടെ ആന്തരിക സത്യം കണ്ടെത്താന്‍ ശ്രമിക്കാം. പ്രാര്‍ത്ഥനയിലൂന്നി ദൈവവചനത്തിനു മുന്നില്‍ നമ്മെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട്, നമ്മെ അടിമകളാക്കുന്ന തിന്മയ്ക്കെതിരായ ഒരു ക്രിയാത്മക പോരാട്ടം സാധ്യമാക്കാം. സ്വാതന്ത്ര്യത്തിനായുള്ള ആ പോരാട്ടം നമ്മുടെ ഉള്ളില്‍ ഉണ്ടാകണം.'
https://youtu.be/LKxdSRXh9sQ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26