ബദല്‍ വികസന രേഖ: സി.പി.ഐ.എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പ് പറയണമെന്ന് ചെന്നിത്തല

ബദല്‍ വികസന രേഖ: സി.പി.ഐ.എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പ് പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബദല്‍ വികസന രേഖ അംഗീകരിച്ച സി.പി.എം കൂത്തുപറമ്പ് രക്തസാക്ഷികളോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ രംഗത്തും വികസന രംഗത്തും സി.പി.എമ്മും ഇടതു മുന്നണിയും നടത്തി വന്നിരുന്ന നിഷേധ സമരങ്ങളെല്ലാം തെറ്റാണെന്ന് സമ്മതിക്കുന്നതാണ് ബദല്‍ രേഖയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബദല്‍ വികസന രേഖ ഏകകണ്ഠമായി അംഗീകരിക്കുക വഴി സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി നടത്തിയ അക്രമ സമരങ്ങളെ തള്ളിപ്പറയുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. കൂത്തുപറമ്പ് സമരം തെറ്റായിപ്പോയെന്ന് സമ്മതിക്കുമ്പോള്‍ രക്ത സാക്ഷികളോട് സി.പി.എം മാപ്പ് പറയണം. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും യുവാക്കളെ ചാവേറുകളാക്കി എത്രയെത്ര സമര ആഭാസങ്ങളാണ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

സ്വകാര്യ മേഖലയില്‍ പോളിടെക്നിക്കുകള്‍ പോലും അനുവദിക്കാന്‍ സമ്മതിക്കാത്ത സിദ്ധാന്ത ദുര്‍വാശിയാണ് ഇപ്പോള്‍ തിരുത്തുന്നത്. ടി.എം ജേക്കബ്ബ് വദ്യാഭ്യാസ മന്ത്രിയായിരിക്കെ കൊണ്ടു വന്ന പ്രീഡിഗ്രി ബോര്‍ഡിനെ എതിര്‍ക്കുന്നതിന് തെരുവുകള്‍ കത്തിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ അതിനേക്കാള്‍ മോശമായി പ്ളസ് ടു നടപ്പാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ലോകബാങ്കും, ഐ.എം.എഫും, എ.ഡി.ബിയുമൊക്കെ മുതലാളിത്തത്തിന്റെ ചൂഷണ ഉപാധികളാണെന്ന് പറഞ്ഞ് എതിര്‍ക്കുകയും എ.ഡി.ബി ഉദ്യോഗസ്ഥരുടെ തലയില്‍ കരി ഓയില്‍ ഒഴിക്കുകയും കേരളത്തിന്റെ വികസന പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്തവര്‍ തന്നെയാണ് ഇപ്പോള്‍ വായ്പക്കായി അവരുടെയൊക്കെ പിന്നാലെ നടക്കുന്നത്. മുതലാളിത്തത്തോടുള്ള വിരോധമെല്ലാം അവസാനിപ്പിച്ച് കുത്തകളോട് കൂട്ടു കൂടുകയും നവ ലിബറല്‍ നയങ്ങളെ വാരിപ്പുണരുകയാണ് സി.പി.എം ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇത് വരെ ചെയ്തു പോയതിനെല്ലാം മാപ്പ് പറയാനുള്ള ആര്‍ജ്ജവം പിണറായിയും സി.പി.എമ്മും കാണിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.