നല്ല അമ്മയെ ആവശ്യമുണ്ട്

നല്ല അമ്മയെ ആവശ്യമുണ്ട്

മാനവകുലത്തിന്റെ നിലനില്പ്‌ സ്ത്രീ പുരുഷ സമന്വയത്തിലാണ്‌. സ്ത്രീപുരുഷ ജീവിതത്തിന്റെ സമഭാവ വിഭാവനങ്ങളില്‍ സമൂഹമായുള്ള മനുഷ്യന്റെ ജീവനവും അതിജീവനവും ഉള്‍ചേര്‍ന്നിട്ടുണ്ട്‌. മാനവകുലത്തിന്റെ നിലനില്പും പൊതുനന്മയും മനുഷ്യന്റെ അഭിഭാജ്യമായ നിയോഗമാണ്‌. ഈ നിയോഗം നിറവേറണമെങ്കില്‍ പുരുഷന്‍ പുരുഷനാകണം, സ്ത്രീ സ്ത്രീയാകണം. സ്ത്രീ പുരുഷനായാലോ, പുരുഷന്‍ സ്ത്രീയായാലോ മനുഷ്യകുലത്തിന്റെ ജൈവഘടനയുടെ നിലനില്‍പ്‌ സാധ്യ മാകുകയില്ല.

മാര്‍ച്ച്‌ 8 ലോക വനിതാദിനമാണ്‌. 1909 മുതല്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി അമേരിക്കയിലും ജര്‍മ്മനിയിലും ഉണര്‍ന്ന സമരഭേരിയാണ്‌ 1914 മുതല്‍ മാര്‍ച്ച്‌ 8-നെ ലോക വനി താദിനമാക്കി മാറ്റിയത്‌. “സ്ത്രീ ശാക്തീകരണം മാനവശക്തിക്ക്‌” എന്ന മുദ്രാവാക്യവുമായാണ്‌ 2015 ലോക വനിതാദിനം ആചരിക്കുന്നത്‌.

വനിതകളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടത്‌ വനിതകളുടെ മാത്രം ആവശ്യമല്ല, ലോകത്തിന്റെ ആവശ്യമാണ്‌. മനുഷ്യ നന്മയെ മറന്ന്‌ മനുഷ്യനെ മാംസമായി മാത്രം കാണുന്നവര്‍ക്കു മാത്രമേ സ്വവര്‍ഗ്ഗവിവാഹം പോലുള്ള പ്രകൃതി വിരുദ്ധബന്ധങ്ങളെ പിന്തുണയ്ക്കാനാവൂ. ഇന്ന്‌ ലോകത്തിന്‌ വേണ്ടത്‌ സ്ത്രീശാക്തീകരണമല്ല, മാതൃശാക്തീകരണമാണ്‌. സ്ത്രീകളുടെ ശക്തി ഇന്ന്‌ വര്‍ദ്ധിക്കുന്നുണ്ട്‌. എന്നാല്‍ മാതൃത്വത്തിന്റെ ശക്തി ചോരുകയാണ്‌. ഇന്ന്‌ ലോകത്തിന്‌ നല്ല ശക്തിയുള്ള മാതൃത്വം ആവശ്യമാണ്‌. വളരുന്ന മക്കളില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള നല്ല അമ്മമാരാണ്‌ ശക്തിയുള്ള മാതൃത്വത്തിന്റെ ഉടമകള്‍.

ആഗോളവത്കരണത്തിന്റെ നഗരത്തിരക്കുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാത്ത അനേകായിരം അനാഥ ശിശുക്കള്‍ക്ക്‌ ഇന്ന്‌ അമ്മയെ ആവശ്യമുണ്ട്‌. സര്‍ക്കാര്‍ ആശുപ്രതികളിലെ പിന്നാമ്പുറങ്ങളിലെ പ്ലാസ്റ്റിക്‌ ബക്കറ്റുകളില്‍ മുറിഞ്ഞുവീഴുന്ന കുഞ്ഞുകൈകാലുകള്‍ക്കും കിളുന്നുടലു കള്‍ക്കും അമ്മയെ ആവശ്യമുണ്ട്‌. ഫാക്ടറികളിലും തൊഴില്‍ ശാലകളിലും രാപകല്‍ വിയര്‍പ്പൊഴുക്കുന്ന വ്രണിത ബാല്യങ്ങള്‍ക്ക്‌ അമ്മയെ ആവശ്യമുണ്ട്‌. വീടുകളില്‍ കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെയും നിര്‍വികാരതയില്‍ സ്വയം അനാഥരാകുന്ന ബാല്യങ്ങള്‍ക്ക്‌ ഇന്ന്‌ അമ്മയെ ആവശ്യമുണ്ട്‌. ടിന്‍ ഫുഡ്ഡിന്റെയും ബേക്കറി പലഹാരങ്ങളുടെയും, ഇലക്ട്രിക് അടുപ്പുകളില്‍ വീട്ടുജോലിക്കാര്‍ ചൂടാക്കിനല്കുന്ന പായ്ക്കറ്റ്‌ പാലിന്റെയും കൃത്രിമ രുചികളുടെ ചെകിടിപ്പുകള്‍ക്കും മനംപുരട്ടലിനുമിടയില്‍ സ്വന്തം കൈകൊണ്ട്‌ ഒരു ഉരുള ചോറുവാരി കൊടുക്കാന്‍, അമ്മയെ ആവശ്യമുണ്ട്‌. പരുപരുക്കന്‍ തെരുവോരങ്ങളിലും, കടത്തിണ്ണകളുടെ ചുളു ചുളുപ്പന്‍ തണുപ്പിലും, വേനലിന്റെ പൊടിക്കാറ്റിലും, വര്‍ഷത്തിന്റെ ദുരിത പെയ്ത്തിലും മാത്രമല്ല, നഗരനാട്യങ്ങളില്‍ ആകാശം മുട്ടെ ഉയരുന്ന ഫ്ളാറ്റുകളില്‍ ശീതീകരിച്ച മുറികളിലെ ഡന്‍ലപ്പ്‌ മെത്തയുടെ പതുപതുപ്പിലും ഒറ്റയ്ക്ക്‌ കിടന്നു അനാഥത്വം നുണയുന്ന ആധുനിക ബാല്യങ്ങളുടെ നെടു വീര്‍പ്പുകള്‍ക്ക്‌ ഇന്നു വേണ്ടത്‌ സ്ത്രീ ശാക്തീകരണമല്ല, ശക്തിയേറിയ മാതൃത്വത്തിന്റെ സ്നേഹ സാന്നിദ്ധ്യമാണ്‌.

അച്ഛനെ അടിച്ചമര്‍ത്തുന്ന അമ്മയെയല്ല അച്ഛന്റെ മുന്നില്‍ തോറ്റുകൊടുത്തു പോലും പൊരുത്തപ്പെടലിന്റെ ഭാഗമാകുന്ന, ആക്രോശങ്ങള്‍ക്കും അപവാദഭാഷണങ്ങള്‍ക്കും അപ്പുറം ആത്മത്യാഗത്തിന്റെ അടയാള സാന്നിദ്ധ്യമാകുന്ന, മക്കളെ വളര്‍ത്തല്‍ മാത്രം നിയോഗമാക്കുന്ന അമ്മയെയാണ്‌ ഇന്നിന്റെ മക്കള്‍ക്ക്‌ ആവശ്യം.

നല്ല അമ്മയ്ക്ക്‌ പിറക്കുന്ന മക്കള്‍ സ്ത്രീകളെ ഉപഭോഗ വസ്തുവാക്കില്ല. നല്ല അമ്മ വളര്‍ത്തുന്ന മക്കള്‍ തീവ്രവാദികള്‍ ആകുകയില്ല, മതഭ്രാന്തിന്‌ അടിമപ്പെടുകയില്ല. അമ്മയുടെ അരികില്‍ വളരുന്ന മക്കള്‍ക്ക്‌ അതിജീവനത്തിന്റെ ആത്മധൈര്യമുണ്ടാകും. ബാല്യത്തിന്റെ പരാശ്രയത്വവും കൗമാരത്തിന്റെ കൗശലങ്ങളും, യൗവ്വനത്തിന്റെ കൗതുകങ്ങളും, ജീവിതത്തിലെ വിജയപരാജയങ്ങളുടെ അനിവാര്യതയും അനുഭവിച്ചു പഠിക്കുവാന്‍ ഇന്ന്‌ മക്കള്‍ക്ക്‌ നല്ല അമ്മ എന്ന പാഠപുസ്തകം വേണം. പ്രസവിക്കാന്‍ കഴിവുള്ള സ്ത്രീകളെയല്ല, നൊന്തു പ്രസവിക്കുന്ന, മക്കളെ വളര്‍ത്തുവാന്‍ വരമുള്ള അമ്മയെയാണ്‌ ലോകത്തിന്‌ വേണ്ടത്‌. ഈ സ്വപ്നം സാധ്യമാക്കാന്‍ ലോക വനിതാദിനാചരണത്തിന് കഴിയുമെന്ന്‌ പ്രത്യാശിക്കാം.

(ഫാ റോയി കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍നിന്ന്‌)


ഫാ  റോയി കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26