പാവപ്പെട്ട രോഗികളുടെ അത്താണിയായിരുന്ന ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍

പാവപ്പെട്ട രോഗികളുടെ അത്താണിയായിരുന്ന ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 08

പോര്‍ച്ചുഗലിലെ ഒരു നിര്‍ധന കുടുംബത്തില്‍ നിന്നുള്ള ക്രൈസ്തവ ഭക്തരായിരുന്നു യോഹന്നാന്റെ മാതാപിതാക്കള്‍. കാസ്റ്റീലില്‍ ഒരു പ്രഭുവിന്റെ കീഴില്‍ ഒരാട്ടിടയന്റെ ജോലിയാണ് യോഹന്നാന്‍ ചെറുപ്പത്തില്‍ ചെയ്തു വന്നത്. 1522 ല്‍ പ്രഭുവിന്റെ കാലാള്‍ പടയില്‍ ചേര്‍ന്നു ഫ്രഞ്ചുകാരും സ്‌പെയിനുകാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ പങ്കെടുത്തു. ഹംഗറി ടര്‍ക്കിക്കെതിരായി നടത്തിയ യുദ്ധത്തിലും അദ്ദേഹം ഭാഗഭാക്കായി.

യുദ്ധം കഴിഞ്ഞ് സൈന്യത്തെ പിരിച്ചുവിട്ടപ്പോള്‍ സെവീലില്‍ ഒരു പ്രഭുവിന്റെ കീഴില്‍ വീണ്ടും ആട്ടിടയനായി. അദ്ദേഹത്തിന് 40 വയസുള്ളപ്പോള്‍ തന്റെ ഭൂതകാല ജീവിതത്തിലെ തെറ്റുകളെ പറ്റി പശ്ചാത്താപമുണ്ടാവുകയും പിന്നീട് രാവും പകലും പ്രാര്‍ത്ഥനയിലും ആശാ നിഗ്രഹങ്ങളിലും ചെലവഴിക്കുകയും ചെയ്തു.

ഇതു കൊണ്ട് തൃപ്തിപ്പെടാതെ അവശ സേവനം ലക്ഷ്യമാക്കി ആഫ്രിക്കയിലേക്ക് പുറപ്പെട്ടു. ജിബ്രാള്‍ട്ടറില്‍ വച്ച് ഒരു കുടുംബം കഷ്ടപ്പെടുന്നതായി കണ്ട യോഹന്നാന്‍ അവിടെ താമസിച്ച് കൂലിപ്പണി ചെയ്ത് ആ കുടുംബത്തെ സംരക്ഷിച്ചു. പിന്നീട് അദ്ദേഹം ഒരു പുസ്തക വില്‍പനശാല തുടങ്ങി.

അക്കാലത്ത് ആവിലായിലെ വിശുദ്ധ യോഹന്നാന്റെ ഒരു പ്രസംഗം കേട്ടപ്പോള്‍ അനുതാപ ഭരിതനായി ദേവാലയത്തില്‍ വച്ചു തന്നെ അദ്ദേഹം ഉറക്കെ നിലവിളിക്കാനിടയായി. പിന്നീട് ഒരു ഭ്രാന്തനെപ്പോലെ തെരുവീഥിയിലൂടെ നടന്ന് പാപ പരിഹാരം ചെയ്തു കൊണ്ടിരുന്നു. താമസിയാതെ വിശുദ്ധ യോഹന്നാന്‍ ദെ ആവിലായുടെ പക്കലെത്തി ഒരു മുഴുവന്‍ കുമ്പസാരം നടത്തി. അന്ന് അദ്ദേഹത്തിന് 43 വയസുണ്ടായിരുന്നു.

ഭ്രാന്തനാണെന്ന് കരുതി ജനങ്ങള്‍ യോഹന്നാനെ ഗ്രാനഡായിലെ റോയല്‍ ആശുപത്രിയില്‍ തടവുകാരനാക്കി. അവിടെ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. ഇത്തരം ക്രൂരമായ ചികിത്സാവിധികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പോലും ശേഷിയില്ലാതെ സഹനമനുഭവിക്കുന്ന പാവപ്പെട്ട രോഗികളെ സഹായിക്കുക വഴിയാണ് ദൈവത്തോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന് യോഹന്നാന്‍ മനസിലാക്കി.

തന്റെ ശേഷിക്കുന്ന ജീവിതം മുഴുവനും പൊതുസമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ട ഇത്തരം ആളുകള്‍ക്കായി വിനിയോഗിക്കുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. ഭ്രാന്താലയത്തില്‍ നിന്ന് പോന്നശേഷം വിറക് വില്‍പ്പന ആരംഭിക്കുകയും ലാഭം കൊണ്ട് ഒരു വാടക കെട്ടിടത്തില്‍ അഗതികളെ സംരക്ഷിക്കുകയും ചെയ്തു. പിന്നീട് 1540 ല്‍ ഉപവിയുടെ സഭ സ്ഥാപിച്ചു.

1549 ജൂലൈ മൂന്നിന്് ഗ്രാനഡായില്‍ സ്‌പെയിനിലെ രാജാവായിരുന്ന ഫെര്‍ഡിനാന്‍ഡും ഭാര്യ ഇസബെല്ലയും സ്ഥാപിച്ച റോയല്‍ ആശുപത്രിക്ക് തീപിടിച്ചു. ആശുപത്രിയിലേക്ക് കടക്കാനാകാതെ എല്ലാവരും ഭയന്ന് നിന്നപ്പോള്‍ വിശുദ്ധന്‍ തീയില്‍ക്കൂടി കടന്ന് ചെന്ന് രോഗികളെ രക്ഷിച്ചു. കഠിനമായ അധ്വാനത്തില്‍ ക്ഷീണിതനായ അദ്ദേഹം അമ്പത്തഞ്ചാമത്തെ വയസില്‍ നിര്യാതനായി. 1690 ല്‍ ഒമ്പതാം അലക്‌സാണ്ടര്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷുകാരനായ ബെയോ ആധ്

2. ഈജിപ്തിലെ ആര്യനും തെയോട്ടിക്കൂസും

3. സ്‌കോട്ടുലന്റിലെ റോസ്സിലെ ബിഷപ്പായ ഡുഥാക്ക്

4. അലക്‌സാണ്ട്രിയായിലെ ഫിലേമോനും ഡീക്കനും അപ്പളോണിയസും

5. ആഫ്രിക്കയിലെ സിറില്‍, റൊഗാത്തൂസ്, ഫെലിക്‌സ്, ബെയാത്താ, ഹെറേനിയാ, ഫെലിചിത്താസ്, ഉര്‍ബന്‍, സില്‍വാനൂസ്, മാമില്ലൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.