കീവ്:അധിനിവേശത്തിന്റെ പതിമൂന്നാം ദിവസം ഉക്രെയ്നിന്റെ എല്ലാ മേഖലകളിലും റഷ്യ തുടരുന്നത് കനത്ത ആക്രമണം.ഇതിനിടെ, റഷ്യന്‍ സേന 500 കിലോ ഭാരമുള്ള ഒരു ബോംബ് ഉക്രെയ്നിലെ ജനവാസമേഖലയില്‍ വര്‍ഷിച്ചതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് വിദേശകാര്യമന്ത്രി ഡിമിത്രി കുലേബ.
ഫാബ് 500 എന്ന പേരുള്ള സോവിയറ്റ് കാലത്തെ ബോംബാണ് ചെര്‍ണീവില്‍ വീണതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വ്യോമസേന ഉപയോഗിക്കുന്ന അണ്‍ഗൈഡഡ് വിഭാഗത്തിലുള്ള ബോംബാണ് ഫാബ് 500. രണ്ടര മീറ്റര്‍ നീളവും 40 സെന്റിമീറ്റര്‍ വീതിയുള്ള ഈ ബോംബിന് വലിയ സ്ഫോടന ശേഷിയാണുള്ളത്. മിലിട്ടറി കെട്ടിടങ്ങള്‍, റെയില്‍വേ, എയര്‍ സ്റ്റേഷനുകള്‍, കവചിത വാഹന വ്യൂഹങ്ങള് തുടങ്ങി അതീവ സുരക്ഷിത മേഖലകളെയാണ് ഈ ബോംബ് ലക്ഷ്യമിടാറുള്ളത്.
ചെര്‍ണീവിലെ ജനവാസമേഖലയിലാണ് ബോംബ് വീണതെങ്കിലും ഭാഗ്യവശാല്‍ ഇത് പൊട്ടിയില്ലെന്ന് കുലേബയുടെ ട്വീറ്റില്‍ പറയുന്നു.' ചെര്‍ണീവില്‍ ജനവാസ മേഖലയിലാണ് 500 കിലോ ഭാരമുള്ള ഈ ഭീമന്‍ ബോംബ് വീണത്. പക്ഷേ അത് പൊട്ടിയില്ല. പക്ഷേ ഇതേപോലെ മറ്റ് പല ഇടങ്ങളിലും വന്ന് വീണ ബോംബുകള്‍ പൊട്ടി, നിരപരാധികളായ സാധാരണക്കാരും സ്ത്രീകളും കുട്ടികളുമെല്ലാം കൊല്ലപ്പെട്ടു. റഷ്യയുടെ ക്രൂരതയില്‍ നിന്ന് ഞങ്ങളുടെ ജനങ്ങളെ രക്ഷിക്കണം. യുക്രെയ്ന് മുകളിലൂടെയുള്ള വ്യോമപാതയില്‍ നിരോധനം ഏര്‍പ്പെടുത്തണം. ഞങ്ങള്‍ക്ക് യുദ്ധവിമാനങ്ങള്‍ കൈമാറണം. അടിയന്തരമായി എന്തെങ്കിലും ചെയ്യൂ' - ട്വീറ്റില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.