പോക്‌സോ കേസ്: റോയി വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അഞ്ജലിക്കു ജാമ്യം

പോക്‌സോ കേസ്: റോയി വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അഞ്ജലിക്കു ജാമ്യം

കൊച്ചി: പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിന്റെയും കൂട്ടു പ്രതി സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളത്തേക്കു പെണ്‍കുട്ടികളെ എത്തിച്ച അഞ്ജലി റീമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോഴിക്കോടു സ്വദേശിനിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ കോടതിയെ സമീപിച്ചത്.

പ്രതികള്‍ക്കെതിരായ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇവര്‍ സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരാണെന്നും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

സംഭവത്തില്‍ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ നല്‍കിയ മൊഴികള്‍ പരിശോധിച്ചും തെളിവുകള്‍ വിലയിരുത്തിയുമാണ് ജസ്റ്റിസ് പി. ഗോപിനാഥ് ബെഞ്ചിന്റെ നടപടി. കോഴിക്കോട്ട് മാര്‍ക്കറ്റിങ് സ്ഥാപനം നടത്തി വരുന്ന അഞ്ജലി റീമ ദേവ് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിച്ചിരുന്നതായും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചിരുന്നതുമായി ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്. ബിസിനസ് മീറ്റിന് എന്ന പേരില്‍ കൊച്ചിയില്‍ എത്തിച്ച് സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിച്ച് ക്ലബില്‍ എത്തിക്കുന്നതാണ് രീതി എന്നു പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

മോഡലുകള്‍ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പാണ് ഇവര്‍ അഞ്ജലിക്കും മറ്റ് അഞ്ചു പെണ്‍കുട്ടികള്‍ക്കും ഒപ്പം കൊച്ചിയിലെത്തുന്നത്. സംഘത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സംഘം സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടെന്നു പറയുന്നു. തുടര്‍ന്ന് മോഡലുകളുടെ മരണത്തോടെ ഈ വിവരം കോഴിക്കോട് സിറ്റി പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പോക്‌സോ കേസെടുത്തത്.

പെണ്‍കുട്ടികള്‍ പലരും പൊലീസില്‍ പരാതി നല്‍കിയില്ലെങ്കിലും മൊഴി നല്‍കിയിരുന്നു. ഈ മൊഴിയിലാണ് ഇപ്പോള്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരിക്കുന്നത്. അതേ സമയം പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ച അഞ്ജലിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അനുവദിച്ചത് ഞെട്ടിക്കുന്ന വിവരമാണെന്നും ഇവരില്‍ നിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ സ്ത്രീ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.