റഷ്യയുടെ വമ്പന്‍ ഓഫര്‍... '27 ശതമാനം വരെ വിലക്കുറവില്‍ എണ്ണ തരാം'; വാങ്ങണോ, വേണ്ടയോ: കണ്‍ഫ്യൂഷനില്‍ ഇന്ത്യ

റഷ്യയുടെ വമ്പന്‍ ഓഫര്‍... '27 ശതമാനം വരെ വിലക്കുറവില്‍ എണ്ണ തരാം'; വാങ്ങണോ, വേണ്ടയോ: കണ്‍ഫ്യൂഷനില്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന് വില കുതിച്ചു കയറുന്നതിനിടെ ഇന്ത്യക്ക് വന്‍ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാമെന്ന് റഷ്യയുടെ വാഗ്ദാനം. 27 ശതമാനം വരെ വിലക്കുറവില്‍ എണ്ണ നല്‍കാമെന്നാണ് റഷ്യന്‍ എണ്ണ കമ്പനികള്‍ വാഗ്ദാനം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉക്രെയ്ന്‍ വിഷയത്തില്‍ തങ്ങളോട് അനുഭാവ പൂര്‍ണമായ നിലപാട് കൈക്കൊള്ളുന്ന ഇന്ത്യയെ ഇന്ധന വാഗ്ദാനം നല്‍കി തുടര്‍ന്നും കൂടെ നിര്‍ത്താനുള്ള റഷ്യയുടെ നീക്കം.

ഇന്ത്യ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കൈക്കൊണ്ടാല്‍ ഇന്ധനവില വര്‍ധന പിടിച്ചു നിര്‍ത്താനാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 27 ശതമാനം വരെ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ ലഭ്യമായാല്‍ നിലവിലുള്ള വിലയില്‍ നിന്നു പോലും കുറച്ചു നല്‍കാനാവും.

റഷ്യന്‍ വാഗ്ദാനം ഗംഭീരമാണെങ്കിലും അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധ ഭീഷണിയും നയതന്ത്ര ബന്ധങ്ങളും മുന്‍നിര്‍ത്തിയാണ് ഇന്ത്യ തിരക്കിട്ട് പ്രതികരിക്കാത്തതെന്നാണ് സൂചന. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങിയാലും അന്താരാഷ്ട്ര വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയിലെ ബാങ്കുകളെ വിലക്കിയതിനാല്‍ ഇന്ത്യ എങ്ങനെ പണം നല്‍കുമെന്ന കാര്യത്തിലും വ്യക്തതയില്ല. സ്വിഫ്റ്റില്‍ നിന്ന് വിലക്കിയതിനാല്‍ ഡോളറില്‍ വിനിമയം സാധ്യമാകില്ല.

ഉക്രെയ്‌നുമായി യുദ്ധം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ റഷ്യയുടെ സമസ്ത മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് എണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടായത്. 14 വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന വിലയായ ബാരലിന് 139 ഡോളര്‍ എന്ന നിരക്കാണ് അന്താരാഷ്ട്ര വിപണിയില്‍.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയില്‍ വന്‍ കുതിപ്പുണ്ടായിട്ടും ഇന്ത്യയില്‍ എണ്ണവില വര്‍ധിപ്പിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വില വര്‍ധന വൈകുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഏത് നിമിഷവും വില വര്‍ധന പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.