കൊച്ചി: സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് ട്രെയിനില്‍ സഹയാത്രികരുടെ വക അധിക്ഷേപം. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നു രാജ്‌കോട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിനില്‍ കടുത്ത അധിക്ഷേപം നേരിട്ടതെന്ന് ദയാബായി പറയുന്നു. തന്റെ രൂപത്തെ ആക്ഷേപിച്ചെന്നും കരഞ്ഞാണ് യാത്ര തുടര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും റെയില്‍വെ നിയമങ്ങള്‍ ഇവരെ അറിയിക്കാന്‍ വേണ്ടിയെങ്കിലും അധികൃതര്‍ ഇടപെടണമെന്നും ദയാബായി പറയുന്നു.
'എന്റെ മുഖത്തിന് എന്താണ് കുഴപ്പം' സങ്കടത്തോടെയാണ് ദയാബായി ഇത് ചോദിച്ചത്. 'അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ' എന്നെല്ലാമുള്ള ആക്ഷേപം അവരുടെ ഹൃദയത്തെ അത്രയേറെ നോവിച്ചു. വനിതാ ദിനത്തോട് അനുബന്ധിച്ചു ചില പരിപാടികളില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ദയാബായി കൊച്ചുവേളി-പോര്‍ബന്ധര്‍ ട്രെയിനില്‍ കയറാനെത്തിയത്. എറണാകുളത്തെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സ്റ്റേഷനില്‍ ഒപ്പം എത്തിയത്.
'എസ്3 കമ്പാര്‍ട്‌മെന്റിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും അടക്കം നാലു പേരടങ്ങുന്ന ഒരു കുടുംബമാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ ഇല്ലാത്ത സീറ്റുകള്‍ പലതും അവര്‍ കയ്യേറിയിരുന്നു. വാതില്‍ അകത്തു നിന്ന് അടച്ചിരുന്നതിനാല്‍ ഇവരെ വിളിച്ചു തുറപ്പിക്കുകയായിരുന്നു. ഞങ്ങളെന്താ ജോലിക്കാരാണോ എന്നു ചോദിച്ചാണ് തുറന്നു നല്‍കിയത്. ഞാന്‍ ഒരു സീറ്റില്‍ കൂനിക്കൂടിയിരുന്നു. എന്റെ സീറ്റിനടിയിലെ ഇവരുടെ ബാഗ് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല.
ഫോണില്‍ ആരോടെങ്കിലും സംസാരിക്കുമ്പോള്‍ അതിനെക്കുറിച്ചു പറഞ്ഞ് ആക്ഷേപിച്ചു. അവരോടൊപ്പമുള്ള കുട്ടി ഇതിനിടെ ഫോണ്‍ മുഴുവന്‍ ശബ്ദത്തില്‍വച്ചു. ശബ്ദം കുറയ്ക്കാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയ പടയാണ്. നിങ്ങള്‍ക്കു വേണമെങ്കില്‍ ഫ്‌ളൈറ്റില്‍ പോകൂ എന്നായിരുന്നു മറുപടി. മറ്റു യാത്രക്കാര്‍ക്കു ബുദ്ധമുട്ടുണ്ടാക്കും വിധം ശബ്ദം ഉറക്കെ വയ്ക്കരുത് എന്നു റെയില്‍വെ റൂളുണ്ടെന്നു പറഞ്ഞപ്പോള്‍ അതു കാണിച്ചു തരണമെന്നായി. അതിനു പിന്നാലെയാണ് അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ എന്നെല്ലാം പറഞ്ഞത്.
ഇവരെക്കുറിച്ചു ഫെയ്‌സ്ബുക്കിലിടണം. പിന്നെ പുറത്തിറങ്ങാന്‍ കഴിയരുത് എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചുകൊണ്ടിരുന്നു. ജാംനഗറിലാണ് ഇവര്‍ ഇറങ്ങിയതെന്നും ദയാബായി വ്യക്തമാക്കി.
അതേസമയം സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ദയാബായിക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്താന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റെയില്‍വെ സംരക്ഷണ സേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.