അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 09
കൊളാറ്റിന്‍ സഭയുടെ സ്ഥാപകയായ വിശുദ്ധ ഫ്രാന്‍സെസ് 1384 ല്‍ ഇറ്റലിയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. സന്യാസ ജീവിതമായിരുന്നു ചെറുപ്പം മുതല്‍ അവള്‍ ആഗ്രഹിച്ചതെങ്കിലും മാതാപിതാക്കളുടെ ആഗ്രഹ പ്രകാരം ഒരു റോമന്‍ പ്രഭുവായ ലോറന്‍സ് പൊന്‍സാനിയെ വിവാഹം കഴിച്ചു.
എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തന്റെ സ്വത്തു മുഴുവന്‍ ഉപേക്ഷിക്കുകയും പരിപൂര്‍ണ ദാരിദ്ര്യത്തില്‍ ജീവിക്കുകയും ചെയ്തു. തന്റെ കാവല്‍ മാലാഖയുമായി ചിരപരിചിതമായ സംഭാഷണത്തിനുള്ള സവിശേഷ വരം വിശുദ്ധയ്ക്ക് ലഭിച്ചിരുന്നു. വിശുദ്ധ ഫ്രാന്‍സെസയുടെ ജീവിതത്തെ കുറിച്ച് വായിക്കുന്നവര്‍ക്ക് ഭൗതീക ലോകത്തിനുപരിയായി ആത്മീയ ലോകത്താണ് അവള്‍ ജീവിച്ചിരുന്നതെന്ന് മനസിലാകും. അതായിരുന്നു അവളുടെ ജീവിതത്തിന്റെ സവിശേഷതയും.
വിശുദ്ധരും അനുഗ്രഹീതരുമായ ആത്മാക്കളുമായി വിശുദ്ധ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1437 മാര്‍ച്ച് 21 വിശുദ്ധ ബെനഡിക്ടിന്റെ തിരുനാള്‍ ദിവസം ഫ്രാന്‍സെസ് സഭാ വസ്ത്രം സ്വീകരിച്ചു.
കന്യക, അമ്മ, ആത്മീയ ജീവിതം എന്നിങ്ങനെ വിശുദ്ധ ഫ്രാന്‍സെസിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലും പ്രത്യേക പദവിയുള്ള മൂന്ന് മാലാഖമാര്‍ വിശുദ്ധയെ അകമ്പടി സേവിച്ചിരുന്നതായി ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. അങ്ങനെ നരകത്തിന്റെ പ്രലോഭനങ്ങളില്‍ വീഴാതെ പടിപടിയായി അവള്‍ ആത്മീയ പൂര്‍ണതയിലേക്ക് ആനയിക്കപ്പെട്ടു.
പകലും രാത്രിയും തന്റെ കാവല്‍ മാലാഖ നിഗൂഢമായ ഒരു ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നതായി വിശുദ്ധ കണ്ടു. മൂന്ന് ചെറിയ സ്വര്‍ണ നിറമുള്ള നാരുകള്‍ കൊണ്ട് ആ മാലാഖ നിരന്തരമായി സ്വര്‍ണ നിറമുള്ള നൂലുകള്‍ നെയ്യുകയും അത് തന്റെ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നതായും അവള്‍ കണ്ടു.
പിന്നീട് വളരെ ശ്രദ്ധയോടെ ഗോളാകൃതിയില്‍ ചുറ്റിയെടുക്കുന്നതായും വിശുദ്ധ കണ്ടു. വിശുദ്ധയുടെ മരണത്തിന് ആറ് മാസം മുന്‍പ് മാലാഖ തന്റെ ജോലി മാറ്റിയതായി വിശുദ്ധ ശ്രദ്ധിച്ചു. നൂല് ഉണ്ടാക്കികൊണ്ടിരുന്ന ജോലി മാറ്റി തന്റെ കയ്യിലുള്ള മനോഹരമായ നൂലുകള്‍ കൊണ്ട് വ്യത്യസ്ഥ വലിപ്പത്തിലുള്ള മൂന്ന് ചവിട്ടു പായകള്‍ മാലാഖ നെയ്തു. ഈ ചവിട്ടു പായകള്‍, വിശുദ്ധ കന്യകയായിരുന്നപ്പോഴും അമ്മയായിരുന്നപ്പോഴും ആത്മീയ ജീവിതം നയിച്ചപ്പോഴുമുള്ള ജീവിത പ്രവര്‍ത്തികളെ പ്രതിനിധീകരിക്കുന്നു.
ഫ്രാന്‍സെസെയുടെ മരണത്തിനു കുറച്ച് മുന്‍പ് മാലാഖ വളരെ ധൃതിയോട് കൂടിയായിരുന്നു തന്റെ ജോലി ചെയ്തിരുന്നതെന്ന് വിശുദ്ധ ശ്രദ്ധിച്ചു. മാത്രമല്ല മാലാഖയുടെ മുഖം മുന്‍പെങ്ങുമില്ലാത്ത വിധം സന്തോഷ ഭരിതമായിരുന്നു. അവസാന ചവിട്ടുപായ അതിനു വേണ്ടുന്ന നീളത്തില്‍ നെയ്തു കഴിഞ്ഞ അതേ നിമിഷം തന്നെ വിശുദ്ധയുടെ ആത്മാവ് സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. 1440 മാര്‍ച്ച് ഒമ്പതിനായിരുന്നു ഫ്രാന്‍സെസിന്റെ മരണം. 1608 ല്‍ അഞ്ചാം പൗലോസ് മാര്‍പ്പാപ്പ ഫ്രാന്‍സെസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. യോര്‍ക്ക് ബിഷപ്പായ ബോസോ
2. ഫ്രോയിഡ് മോന്തിലെ ആന്റണി
3. പുവര്‍ക്ലെയറില്‍ ബോളോഞ്ഞായിലെ കത്രീന.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26