ഫോണിലെ വിവരങ്ങള്‍ മായ്ച്ചു; ദിലീപും ലാബ് ഉടമയും കുടുങ്ങും

 ഫോണിലെ വിവരങ്ങള്‍ മായ്ച്ചു; ദിലീപും ലാബ് ഉടമയും കുടുങ്ങും

കൊച്ചി: നടന്‍ ദിലീപിനെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം കൂടി ക്രൈംബ്രാഞ്ച് ചുമത്തും. ഫോണുകളില്‍ കൃത്രിമം കാട്ടിയതിനാണ് നടനെതിരെ പുതിയ കുറ്റം ചുമത്തിയത്. ഗൂഢാലോചനക്കേസ് അന്വേഷണം വഴി തിരിച്ചുവിടാന്‍ മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യയുടെ സഹായത്തോടെ നാല് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ മായിച്ചു കളഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ് ആയേക്കാവുന്ന വിവരങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും കുറ്റകൃത്യത്തിന് കൂട്ടു നിന്ന ലാബ് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുക്കാനും ആലോചനയുണ്ട്. നിരന്തരം കുറ്റം ചെയ്യുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടും.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണുകള്‍ പിടിച്ചെടുത്ത് തിരുവന്തപുരത്തെ ലാബില്‍ പരിശോധിച്ചിരുന്നു. ലാബ് ഡയറക്ടറേയും മറ്റ് ഉദ്യോഗസ്ഥരെയും കേസ് വിസ്താരം ചെയ്യുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി നേരത്തെ ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെ ലാബിനെ സമീപിച്ചിരുന്നു. ഈ ബന്ധം പിന്നീട് പ്രതികളുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ വിനിയോഗിച്ചെന്നാണ് വിലയിരുത്തല്‍. കോടതി ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതോടെ നാല് അഭിഭാഷകരെത്തിയാണ് മുംബൈയിലെ ലാബില്‍ നിന്ന് ഫോണ്‍ വാങ്ങി ക്കൊണ്ടു പോയത്.

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടതാണ് ഫോണുകളെന്ന് ലാബ് ജീവനക്കാരെ അറിയിച്ചിരുന്നു. ഒരു ഫോണിന് 75,000 രൂപയാണ് ലാബ് ആവശ്യപ്പെട്ടത്. ലാബുടമകളെ ചോദ്യം ചെയ്തു. നാലും ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്നും ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്നുമാണ് മൊഴി.

ചെറിയ കേസ്ബിസിനസ് സ്ഥാപനങ്ങളുടെയും വന്‍കിട മുതലാളിമാരുടെയും ആദായനികുതി വെട്ടിപ്പുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനമാണ് ലാബ് സിസ്റ്റംസ് ഇന്ത്യയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രേഖകളില്‍ കൃത്രിമം കാട്ടുമെങ്കിലും ചില വിവരങ്ങള്‍ കമ്പ്യൂട്ടറിലും ഫോണുകളിലും അവേശിഷിക്കും. ഇത് കണ്ടുപിടിച്ച് നീക്കം ചെയ്ത് കമ്പനികളെ സഹായിക്കലാണ് ലാബിന്റെ പ്രധാന വരുമാന മാര്‍ഗം ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.