വിജയ് മല്യ കോടതികളെ മറികടന്ന് സ്വത്ത് മക്കള്‍ക്കു കൈമാറി; പുതിയ കുരുക്കായി കേസ് സുപ്രീം കോടതിയില്‍

  വിജയ് മല്യ കോടതികളെ മറികടന്ന് സ്വത്ത് മക്കള്‍ക്കു കൈമാറി;  പുതിയ കുരുക്കായി കേസ്  സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി/ ലണ്ടന്‍: നിരോധനം നിലനില്‍ക്കേ വിജയ് മല്യ സ്വത്ത് അനധികൃതമായി മക്കളുടെ പേരിലാക്കിയെന്ന കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വിജയ് മല്യ നടത്തിയ സാമ്പത്തിക ഇടപാടു കേസിനു പുറമേ കേസ് ഇല്ലാതാക്കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടാണ് പരാതി. ജസ്റ്റിസ്മാരായ യു.യു ലലിത്, രവീന്ദ്ര എസ് ഭട്ട്, പിഎസ് സരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ് ക്യൂറി ജയ്ദീപ് ഗുപ്തയുടെ കണ്ടെത്തലുകള്‍ പരിഗണിക്കുന്നത്.

സാമ്പത്തിക ഇടപാടുകള്‍ വഴി രാജ്യത്തെ വഞ്ചിച്ച മല്യ കോടതി നിരോധനം നിലനില്‍ക്കേ 300 കോടിയിലേറെ രൂപ തന്റെ മക്കളുടെ പേരിലേക്ക് അനധികൃതമായി വകമാറ്റിയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റക്കാരനായി രാജ്യം വിട്ട് നില്‍ക്കേയാണ് വിവിധമാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമായി സൂക്ഷിച്ചിരുന്ന പണം മക്കളുടെ പേരിലേക്ക് മാറ്റിയത്.

കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനായ വ്യക്തി നേരിട്ടോ അല്ലാതേയോ ഹാജരാകാനാണ് സമയം നല്‍കിയിരിക്കുന്നത്. നാളെ ഹാജരാകാത്ത പക്ഷം എന്തുവേണമെന്ന് പരമോന്നത നീതിപീഠം തീരൂമാനം എടുക്കും. നിലവില്‍ ബ്രിട്ടണിലുള്ള മല്യയെ ഇതുവരെ കൈമാറിയിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ബ്രിട്ടീഷ് നിയമകാര്യവകുപ്പ് പ്രധാന ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ബ്രിട്ടണിലെ കോടതികള്‍ മല്യ നല്‍കിയ ഹര്‍ജികള്‍ തള്ളിയിരിക്കുന്നതിനാല്‍ വിദേശകാര്യവകുപ്പിന് മല്യയെ കൈമാറാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. 9000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് മല്യ നടത്തിയത്. മദ്യ വ്യാപാരത്തിലും കിംഗ്ഫിഷര്‍ വിമാനക്കമ്പിയുടെ ഇടപാടുകളിലും ബാങ്കുകളെ വഞ്ചിച്ചു.

ഇതിനിടെ, മല്യയുടെ കുടുംബത്തിന് ലണ്ടനിലെ ആഡംബര വസതിയില്‍ തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കുന്ന ഉത്തരവ് യു.കെ കോടതിയില്‍ നിന്ന് ലഭിച്ചു. മല്യ ഫാമിലി ട്രസ്റ്റുമായി ബന്ധമുള്ള ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ് സ്ഥാപനമായ റോസ് ക്യാപിറ്റല്‍ വെഞ്ചേഴ്സ് (ആര്‍സിവി) ആണ് ലണ്ടന്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.


ആഡംബര വസതി ജാമ്യമായി നല്‍കി സ്വിസ് ബാങ്ക് യുബിഎസില്‍ നിന്നുള്ള വായ്പയുടെ അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധി ഈ മാസം കാലഹരണപ്പെട്ടു. തിരിച്ചടയ്ക്കാനുള്ള 2.4 ദശലക്ഷം പൗണ്ട് വായ്പയ്ക്ക് റീഫിനാന്‍സ് ആകാമെന്നാണ് കോടതി വിധിച്ചിട്ടുള്ളത്.

ഫാമിലി ട്രസ്റ്റ് സ്ഥാപനം ആഡംബര വസതിയുടെ ലോണ്‍ റീഫിനാന്‍സ് ചെയ്തത് മല്യയ്‌ക്കെതിരെ ലോകമെമ്പാടുമുള്ള സാമ്പത്തിക മരവിപ്പിക്കല്‍ ഉത്തരവിന്റെ (ഡബ്ല്യുഎഫ്ഒ) ലംഘനമല്ലെന്ന് ലണ്ടന്‍ ഹൈക്കോടതിയിലെ ജഡ്ജി സൈമണ്‍ റെയ്നി ക്യുസി വിധിച്ചു.ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കിന് അഭിമുഖമായുള്ള കോണ്‍വാള്‍ ടെറസ് അപ്പാര്‍ട്ട്മെന്റില്‍ പിടിച്ചുനില്‍ക്കാന്‍ മല്യയും കൂട്ടുപ്രതികളായ അമ്മ ലളിതയും മകന്‍ സിദ്ധാര്‍ത്ഥ മല്യയും ചേര്‍ന്നാണ് നിയമപോരാട്ടം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.