കൊച്ചി: വധ ഗൂഢാലോചനക്കേസില്‍ ദിലീപിന്റെയും സഹോദരന്‍ അനൂപ് അടക്കമുള്ള കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണുകളിലെ നിര്‍ണായക വിവിരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ച ആദായ നികുതി വകുപ്പ് മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വിന്‍സെന്റ് ചൊവ്വല്ലൂരിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. വിന്‍സെന്റ് ചൊവ്വല്ലൂരാണ് ദിലീപിന് ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത്.
ഇയാളുടെ വീട്ടില്‍ അന്വേഷണ സംഘം പോയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ മുംബൈയിലുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഴിമതിക്കേസിലെ പ്രതിയാണ്. 2014 ല്‍ ഒരു ബിസിനസുകാരന്റെ ഇന്‍കം ടാക്സ് കുറവ് ചെയ്യുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് രണ്ട് ആദായ നികുതി ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ഒരാളാണ് വിന്‍സെന്റ് ചൊവ്വല്ലുരെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഈ കേസില്‍ ഇദ്ദേഹത്തിനെതിരെ കൊച്ചിയിലെ സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയിരിക്കുകയാണ്. അഭിഭാഷകന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ലാബിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന് വിന്‍സെന്റ് ഒരു ചാനലിനോട് പറഞ്ഞു. തന്റെയും ദിലീപിന്റെയും അഭിഭാഷകന്‍ ഒരാളാണ്. മുംബൈയിലെ ഏറ്റവും നല്ല ഫോറന്‍സിക് ലാബ് ഏതാണെന്ന് അഭിഭാഷകന്‍ ചോദിച്ചതു പ്രകാരമാണ് താന്‍ അന്വേഷിച്ച് മറുപടി നല്‍കിയത്.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കിയ കഴിഞ്ഞ വര്‍ഷമാണ് നല്ല ഫോറന്‍സിക് ലാബ് ഏതെന്ന് ചോദിച്ചതെന്നും വിന്‍സെന്റ് പറഞ്ഞു. അതനുസരിച്ച് ഈ ലാബ് കണ്ടെത്തി പരിചയപ്പെടുത്തിക്കൊടുത്തു. കൊറിയര്‍ മുഖേനയാണ് ആദ്യം ഫോണുകള്‍ ലാബിലേക്ക് അയച്ചത്. പിന്നീട് അഭിഭാഷകരും ലാബ് ഡയറക്ടറുമാണ് നേരിട്ടു ബന്ധപ്പെട്ടു കൊണ്ടിരുന്നത്.
മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഫോണുകള്‍ വാങ്ങാനായി അഭിഭാഷകര്‍ നേരിട്ട് മുംബൈയിലെത്തി. അപ്പോള്‍ തന്നെ വിളിച്ചിരുന്നു. അതനുസരിച്ച് താനും ഇവര്‍ക്കൊപ്പം ലാബില്‍ പോയിരുന്നതായും വിന്‍സെന്റ് ചൊവ്വല്ലൂര്‍ പറയുന്നു. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കി നാലു ഫോണുകളിലെയും ചില ഫയലുകള്‍ നീക്കം ചെയ്തുവെന്നാണ് ലാബ് ഉടമ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.