ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. ഈ സംസ്ഥാനങ്ങള്‍ ആരു ഭരിക്കുമെന്ന് ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ വ്യക്തമാകും.
മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഏകദേശ ചിത്രം 10 മണിയോടെ വ്യക്തമാകും. ഗോവയില്‍ 11 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. പഞ്ചാബിലെ സാഹചര്യങ്ങള്‍ ഉച്ചയോടെ തെളിയും. 403 സീറ്റുകളുള്ള യു.പിയില്‍ ലീഡ് നില ഉച്ചയോടെ വ്യക്തമാകുമെങ്കിലും എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങള്‍ എത്താന്‍ വൈകും.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍.
പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാര്‍ട്ടി അധികാരമേറുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. മണിപ്പൂരില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബി.ജെ.പിക്കാണ് മുന്‍തൂക്കം. 40 അംഗ നിയമസഭയുള്ള ഗോവയില്‍ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് സര്‍വ്വേകള്‍ നല്‍കുന്നത്.
സര്‍വേ ഫലങ്ങള്‍ സത്യമാവുമെങ്കില്‍ കോണ്‍ഗ്രസിനാണ് അത് ഏറെ ദോഷം ചെയ്യുക. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ധന വില വര്‍ദ്ധനവ്, കര്‍ഷക സമരം എന്നിവ പോലുളള അനുകൂല ഘടകങ്ങള്‍ ഒട്ടനവധിയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ താര പ്രചാരകയായിരുന്നവരുള്‍പ്പടെ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് കടുത്ത തിരിച്ചടിയായി. ശക്തമായ പോരാട്ടം നടന്ന യുപിയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.