ഗോവയിൽ ആത്മവിശ്വാസത്തോടെ കോണ്‍​ഗ്രസ്; ഗവര്‍ണറെ കാണാന്‍ അനുമതി തേടി പാർട്ടി

ഗോവയിൽ ആത്മവിശ്വാസത്തോടെ കോണ്‍​ഗ്രസ്; ഗവര്‍ണറെ കാണാന്‍ അനുമതി തേടി പാർട്ടി

പനാജി​: ഗോവയിൽ ഫലം അറിയാന്‍ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ കോണ്‍​ഗ്രസ് നേതൃത്വം പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ പിടിമുറുക്കുകയാണ് . കോണ്‍​ഗ്രസ് സ്ഥാനാര്‍ഥികളെ ദക്ഷിണ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം വടക്കന്‍ ഗോവയിലെ ഒരു റിസോര്‍ട്ടിലായിരുന്നു സ്ഥാനാര്‍ഥികള്‍. ഇവരെ നിയന്ത്രിക്കാനും ഏറ്റവും വലിയ ഒറ്റകക്ഷിയാല്‍ ഭരണത്തിലേറാനുമുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ ​ഹൈക്കമാണ്ട് ഒരു സംഘത്തെ ഗോവയിലേക്ക് അയച്ചിരുന്നു. കര്‍ണാടകയിലെ ഡി കെ ശിവകുമാറിനേയും ആറം​ഗ സംഘത്തേയുമാണ് ​ഗോവയിലെ കോണ്‍​ഗ്രസിനെ നിയന്ത്രിക്കാന്‍ ഹൈക്കമാണ്ട് രം​ഗത്തിറക്കിയത്.

ഇതിനിടെ ഗവര്‍ണറെ കാണാന്‍ കോണ്‍​ഗ്രസ് അനുമതി തേടി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കാണാന്‍ ആണ് അനുമതി ചോ​‌ദിച്ചിട്ടുള്ളത്. ​ഗോവയില്‍ അത്രയധികം ആത്മവിശ്വാസത്തിലാണ് കോണ്‍​ഗ്രസ് നേതൃത്വം. 2017ലെ തെരെഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റ് നേടി കോണ്‍​ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.

എന്നാല്‍ ചെറു പാര്‍ട്ടികളുടെ അടക്കം പിന്തുണ നേടാന്‍ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സര്‍ക്കാര്‍ ഉണ്ടാക്കി. അതിനുശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് കോണ്‍​ഗ്രസിലെ 15 എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോണ്‍​ഗ്രസ് ശ്രമിക്കുക. ഈ സാഹചര്യം മുന്നിലുള്ളതുകൊണ്ടാണ് കോണ്‍​ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു മേല്‍ നിയന്ത്രണം കടുപ്പിച്ചത്. കൂറുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം തന്നെ സ്ഥാനാര്‍ഥികളെ റിസോര്‍ട്ടുകളിലേക്ക് മാറ്റി.

ഗോവയിലെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വ്യക്തമായി വിജയം പാര്‍ട്ടിക്ക് നല്‍കുമെന്നും മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു . സര്‍ക്കാരുണ്ടാക്കുമെന്നാണ് ഡി കെ ശിവകുമാറും അവകാശപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി അടക്കമുള്ള കക്ഷികളുമായി ഹൈക്കമാണ്ട് നിയോ​ഗിച്ച നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്.

കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബിജെപി ഇത്തവണ നിലപാട് മെച്ചപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ്. കേവല ഭൂരിപക്ഷം ആര്‍ക്കും കിട്ടാതെ വന്നാല്‍ ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്താനാകുമോ എന്ന ചര്‍ച്ചകള്‍ ബിജെപിയിലും സജീവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.