കോണ്‍ഗ്രസിന് തിരിച്ചടിയായത് സിദ്ധുവിനെ ചേര്‍ത്തുപിടിച്ച രാഹുലിന്റെ തന്ത്രം

കോണ്‍ഗ്രസിന് തിരിച്ചടിയായത് സിദ്ധുവിനെ ചേര്‍ത്തുപിടിച്ച രാഹുലിന്റെ തന്ത്രം

അമൃത്സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസിന് ഇത്ര വലിയ തിരിച്ചടി കിട്ടാന്‍ കാരണമെന്താണ്? രാഷ്ട്രീയ നിരീക്ഷകര്‍ ഇക്കാര്യത്തില്‍ പഴിക്കുന്നത് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക വദ്രയുടെയും കടുംപിടുത്തത്തെയാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോലും ഒറ്റയ്ക്ക് കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് മൗനാനുവാദം കൊടുത്തത് പ്രിയങ്കയും രാഹുലും ചേര്‍ന്നായിരുന്നു. നവ്‌ജ്യോത് സിംഗ് സിദ്ധുവിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടെന്ന് അവര്‍ തെറ്റിദ്ധരിച്ചു. സിദ്ധുവിന്റെ വാക്കുകള്‍ക്ക് മാത്രം തലയാട്ടിയ ഹൈക്കമാന്‍ഡ് ഇരിക്കുന്ന കൊമ്പ് മുറിക്കുകയായിരുന്നു.

മുഖ്യമന്ത്രിയാകാന്‍ എന്തും ചെയ്യുകയെന്നതില്‍ മാത്രമായിരുന്നു സിദ്ധുവിന്റെ ശ്രദ്ധ. ആദ്യം അമരീന്ദറിന് പുകച്ചു ചാടിക്കാന്‍ ചന്നിക്കൊപ്പം ചേര്‍ന്ന സിദ്ധു പിന്നീട് ചന്നിയെയും നിരന്തരം കടന്നാക്രമിച്ചു കൊണ്ടിരുന്നു. ദളിത് മുഖ്യമന്ത്രി വന്നാല്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകുമെന്ന തെറ്റായ ഉപദേശത്തിന് രാഹുല്‍ ചെവികൊടുത്തു. ഇത് വലിയ മണ്ടത്തരത്തിലേക്ക് വഴിവച്ചു. 30 ശതമാനം മാത്രമാണ് പഞ്ചാബിലെ ദളിത് സിഖുകാരുടെ സാന്നിധ്യം. ഈ വോട്ടുകള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനും ശിരോമണി അകാലിദളിനും കിട്ടുന്നതായിരുന്നു. അതായത്, ഈ വോട്ടുകള്‍ കിട്ടാന്‍ ഒരു ദളിത് മുഖ്യമന്ത്രിയെ ഉയര്‍ത്തി കാട്ടേണ്ട ആവശ്യമില്ലായിരുന്നു.

ദളിത് മുഖ്യമന്ത്രി എന്ന ഒരൊറ്റ വിഷയത്തിലൂന്നി കോണ്‍ഗ്രസ് പ്രചാരണം നയിച്ചത് അവര്‍ക്കു തന്നെ വിനയായി. മറ്റ് വിഭാഗങ്ങള്‍ ഇതുവഴി കോണ്‍ഗ്രസില്‍ നിന്നകന്നു. പൊതുവേ രാജ്യസ്‌നേഹികളായ പഞ്ചാബികള്‍ക്ക് സിദ്ധുവിന്റെ പാക് അനുകൂല നയങ്ങളോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇതു കാണാനോ സിദ്ധുവിനെ നിയന്ത്രിക്കാനോ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചതുമില്ല. മറുവശത്ത് അടിത്തട്ടിലേക്കിറങ്ങി കൃത്യമായ ഹോംവര്‍ക്കുമായി ആപ്പ് മുന്നോട്ടു പോകുകയും ചെയ്തു. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനാകാത്ത കോണ്‍ഗ്രസിന് പഞ്ചാബില്‍ ഇനി എങ്ങനെ തിരിച്ചുവരാന്‍ സാധിക്കുമെന്ന് കാത്തിരുന്ന് കാണണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.