തോറ്റെങ്കിലും നേട്ടമുണ്ടാക്കി എസ്.പി; ഓര്‍മ്മയായി മായാവതിയുടെ ബി.എസ്.പി

തോറ്റെങ്കിലും നേട്ടമുണ്ടാക്കി എസ്.പി; ഓര്‍മ്മയായി മായാവതിയുടെ ബി.എസ്.പി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് പ്രമുഖ പ്രാദേശിക പാര്‍ട്ടികളായിരുന്നു മുലായം സിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും കന്‍ഷി റാം സ്ഥാപിച്ച ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും. സംസ്ഥാന ഭരണം കൈയ്യാളിയവരായിരുന്നു ഇരു പാര്‍ട്ടികളും. മുലായവും മകന്‍ അഖിലേഷ് യാദവും സംസ്ഥാനം ഭരിച്ചു. ബി.എസി.പിയുടെ മായാവതിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി വാണു.

എന്നാല്‍ 2022 ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമ്പോള്‍ അധികാരം പിടിക്കാനായില്ലെങ്കിലും അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തി. 2017 ലെ 47 സീറ്റില്‍ നിന്ന് വലിയ മുന്നേറ്റം നടത്താന്‍ അഖിലേഷ് യാദവിന് സാധിച്ചു. 125 സീറ്റുകളില്‍ നിലവില്‍ എസ്പി ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം കനത്ത പ്രഹരമേറ്റത് മായാവാതിയുടെ ബി.എസ്.പിക്കാണ്. 2017ല്‍ 19 സീറ്റ് നേടിയ മായാവതി ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ വെറും ഒരേയൊരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അമ്പേ പിന്നോട്ടുപോയ ബി.എസ്.പി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ബി.എസ്.പിയുടെ പിന്നോട്ടുപോക്ക് ബിജെപിയ്ക്ക് ഗുണകരമായി. മായാവതിയുടെ ഉറച്ച കോട്ടകളില്‍ ഇത്തവണ ബിജെപിയാണ് വിജയക്കൊടി പാറിച്ചിരിക്കുന്നത്.

പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കളം പിടിക്കാന്‍ നോക്കിയ കോണ്‍ഗ്രസും പച്ച തൊട്ടില്ല. 2017 ല്‍ നേടിയ ഏഴ് സീറ്റില്‍ നിന്ന് രണ്ടിലേക്ക് ചുരുങ്ങി. റായ്ബറേലി, അമേഠി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ കോട്ടകള്‍ എല്ലാം തകരുന്ന കാഴ്ചയാണ് കാണുന്നത്.

ബിജെപിക്ക് 2017 ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യുപിയില്‍ പുതു ചരിത്രമെഴുതാന്‍ സാധിച്ചു. 37 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തുടര്‍ ഭരണം വരുന്നത്. യോഗി ആദിത്യനാഥിന് ഗൊരഖ്പുരില്‍ 22,000ന് മുകളിലാണ് ലീഡ്. മത്സരിച്ച മന്ത്രിമാര്‍ എല്ലാം തന്നെ വിജയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.