ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പല പ്രമുഖര്‍ക്കും ജനവിധിയില്‍ അടിതെറ്റി. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്പകുമാര്‍ ധാമി എന്നിവരാണ് തോല്‍വി രുചിച്ച മുഖ്യമന്ത്രിമാര്‍. പല മുന്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും പരാജിതരുടെ പട്ടികയിലുണ്ട്.
ഉത്തരാഖണ്ഡില്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും അവരുടെ ക്യാപ്റ്റന്‍ തോറ്റത് ഇരുട്ടടിയായി. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ ഖത്തിമ മണ്ഡലത്തില്‍ 6,900 വോട്ടിന് വീഴ്ത്തിയത് കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കപ്രിയാണ്. ഈ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച ശേഷമാണ് ധാമി ഞെട്ടിക്കുന്ന തോല്‍വിയേറ്റ് വാങ്ങിയത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഹരീഷ് റാവത്തിനും ജയത്തിലെത്താനായില്ല. 79കാരനായ റാവത്തിന് ലാല്‍കുവാന്‍ സീറ്റില്‍ 4,000 വോട്ടിന്റെ പരാജയമാണ് നേരിട്ടത്.
പഞ്ചാബില്‍ 111 ദിവസം മാത്രം അധികാരത്തിലിരുന്ന ചരണ്‍ജിത്ത് സിംഗ് ചന്നി കിംഗ് മേക്കറാകുമെന്ന പ്രതീക്ഷയില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിപ്പിച്ചെങ്കിലും രണ്ടിലും അദേഹം പരാജയപ്പെട്ടു. ചംങ്കൂര്‍ സാഹിബെ, ബാദാര്‍ സീറ്റുകളിലായിരുന്നു ചന്നിയുടെ ഇരട്ട തോല്‍വി. ബാദാറില്‍ എഎപി സ്ഥാനാര്‍ഥിയോട് 27,000 പരം വോട്ടിനാണ് നാണംകെട്ടത്. ചംങ്കൂറില്‍ ചരണ്‍ജിത്ത് സിംഗ് എന്ന ആംആദ്മി പാര്‍ട്ടിയുടെ അത്ര പരിചിതനല്ലാത്ത നേതാവിനോട് 4,000 വോട്ടിനുമാണ് തോറ്റത്. വന്‍ മാര്‍ജിനിലുള്ള ചന്നിയുടെ തോല്‍വി കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണാകും. ചന്നി മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും തോറ്റത് കോണ്‍ഗ്രസ് നേതൃത്വത്തിന് അപ്രതീക്ഷിത അടിയായി.
പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റ് സീറ്റില്‍ നിന്ന് എഎപി സ്ഥാനാര്‍ഥിയോടാണ് അടിതെറ്റിയത്. വോട്ടെണ്ണലില്‍ ഭൂരിപക്ഷം സമയത്തും പിന്നിലായിരുന്ന സിദ്ദു 6,750 വോട്ടിനാണ് കീഴടങ്ങിയത്. പട്യാലയിലെ മഹാരാജാവ് എന്നറിയപ്പെടുന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എഎപിയിലെ അജിത്ത് പാല്‍ സിംഗ് കോലിയോടാണ് വീണത്. 2017ല്‍ 49 ശതമാനം വോട്ട് നേടി ജയിച്ചിടത്താണ് ക്യാപ്റ്റന്റെ വന്‍വീഴ്ച്ച. 18,000ത്തിലധികം വോട്ടിന്റെ വ്യക്തമായ മാര്‍ജിനിലാണ് കോലിയുടെ ജയം.
ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ അനിഷേധ്യ നേതാവുമായിരുന്ന മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറുടെ തോല്‍വി പക്ഷേ ബിജെപിക്ക് ആശ്വാസമായി. പനാജി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി സീറ്റ് നല്കാത്തതിനാല്‍ പ്രതിഷേധിച്ചാണ് പരീക്കറുടെ മകന്‍ സ്വതന്ത്രനായി മത്സരിച്ചത്. ശിവസേന അടക്കമുള്ള ചില പാര്‍ട്ടികള്‍ പിന്തുണയും നല്കിയിരുന്നു. എന്നാല്‍ ബിജെപിയുടെ അതാന്‍സിയോ മോന്‍സെറന്റെയോട് കീഴടങ്ങാനായിരുന്നു ഉത്പലിന്റെ വിധി. 674 വോട്ടിനായിരുന്നു ജയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.