'ഹിന്ദുത്വവും ദേശീയതയും': ഭരണ വിരുദ്ധ വികാരം മറികടക്കുന്ന ബിജെപിയുടെ പതിവ് വജ്രായുധങ്ങള്‍

'ഹിന്ദുത്വവും ദേശീയതയും': ഭരണ വിരുദ്ധ വികാരം മറികടക്കുന്ന ബിജെപിയുടെ പതിവ് വജ്രായുധങ്ങള്‍

രണത്തകര്‍ച്ചയുണ്ടായാലും  ബിജെപിയുടെ കൈവശമുള്ള വജ്രായുധങ്ങള്‍ അവരുടെ രക്ഷകരാകും എന്നതിന് ആവര്‍ത്തിച്ചുള്ള തെളിവായി മാറുകയാണ് നാല് സംസ്ഥാനങ്ങളിലെ കാവി വിജയം. ഭരണ നേട്ടം പറയാനില്ലാതെ വരുമ്പോള്‍ ബിജെപി പതിവായി പുറത്തെടുക്കുന്ന വജ്രായുധങ്ങളാണ് ഹിന്ദുത്വവും ദേശീയതയും.

ഇവ രണ്ടും ഇത്തവണ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെട്ടത് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമാണ്. യുപിയില്‍ നിര്‍ണായക വോട്ട് ഷെയറുള്ള ജാട്ട് വിഭാഗത്തിന്റെ അതൃപ്തി അഖിലേഷ് യാദവിന് അനുകൂലമായി മാറുമോ എന്ന് ഭയന്ന ബിജെപി ജാട്ട് ഭൂരിപക്ഷ മേഖലകളില്‍ ഹിന്ദുത്വവും ദേശീയതയും മുഖ്യ പ്രചരണായുധമാക്കി. ഇതിനായി സംസ്ഥാന നേതാക്കളെ ചുമതലപ്പെടുത്താതെ നരേന്ദ്ര മോഡിയും അമിത് ഷായും ചേര്‍ന്ന് കൃത്യമായി കാര്യം നിര്‍വ്വഹിക്കുകയായിരുന്നു.

കര്‍ഷക രോഷം കത്തിക്കാളിയ മേഖലകളിലും ബിജെപി തന്ത്രപൂര്‍വ്വം ഘട്ടംഘട്ടമായി ഹിന്ദുത്വവും ദേശീയതയും ഇറക്കി വോട്ടുകള്‍ പെട്ടിയിലാക്കി. രാകേഷ് ടിക്കായത്ത് അടക്കമുള്ള കര്‍ഷക നേതാക്കള്‍ ബിജെപിക്ക് എതിരായ നിലപാട് സ്വീകരിച്ചിട്ടും അതൊന്നും കാര്യമായ ഗുണം ചെയ്തില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ഹിന്ദുത്വവും ദേശീയതയും എന്ന തുറുപ്പ് ചീട്ട് ബിജെപി ഏറ്റവും ശക്തമായി പുറത്തെടുത്ത സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. 2017 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 57 ഉം നേടി അധികാരത്തിലെത്തിയ ബിജെപി ഭരണ രംഗത്ത് ഏതാണ്ട് സമ്പൂര്‍ണ പരാജയമായിരുന്നു. പാര്‍ട്ടിയിലെ പടല പിണക്കങ്ങളും സംസ്ഥാനത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. മൂന്ന് മുഖ്യമന്ത്രിമാരെ മാറി പരീക്ഷിച്ചാണ് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയത്.

കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുണ്ടായിട്ടും ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം നിലനിര്‍ത്തി. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ പരാജയം മാത്രമാണ് തിരിച്ചടിയായത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വന്‍മരമായ ഹരീഷ് റാവത്തും കടപുഴകി വീണു. സംസ്ഥാനത്തിന്റെ മലയോര മേഖലകളിലെ ബ്രാഹ്മണ ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം ബിജെപി നേതാക്കള്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയായിരുന്നു.


ഇവിടെയും ഹിന്ദുത്വ, ദേശീയതാ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് മോഡിയും അമിത് ഷായുമായിരുന്നു. ആളും അര്‍ത്ഥവുമിറക്കിയുള്ള ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെ ഭരണ വിരുദ്ധ വികാരം ഉയര്‍ത്തിക്കാട്ടി മുതലെടുക്കാന്‍ കോണ്‍ഗ്രസിനായതുമില്ല.

വടക്കു വിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ബിജെപി ഇതേ തന്ത്രം തന്നെയാണ് പ്രയോഗിച്ചത്. ആകെയുള്ള 60 സീറ്റില്‍ 32 ലും വ്യക്തമായ ലീഡ് നിലനിര്‍ത്തി ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് നേരിട്ടത് വല്ലാത്ത തിരിച്ചടിയാണ്. നാല് സിറ്റില്‍ മാത്രം ലീഡുമായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യേക്കാള്‍ പിന്നിലായി കോണ്‍ഗ്രസ്. എന്‍.പി.പി എട്ട് സീറ്റില്‍ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്.

ക്രൈസ്തവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ഗോവയിലും തങ്ങള്‍ക്ക് തീരെ പ്രതീക്ഷയില്ലാതിരുന്ന പഞ്ചാബിലും മാത്രമാണ് ബിജെപി ഹിന്ദുത്വ, ദേശീയതാ കാര്‍ഡുകള്‍ കാര്യമായി പുറത്തെടുക്കാതിരുന്നത്. ഇതില്‍ കോണ്‍ഗ്രസിന്റെ ബലഹീനതയും പ്രതിപക്ഷ അനൈക്യവും മുതലെടുത്ത് ഗോവയിലും ബിജെപി തുടര്‍ ഭരണം നേടി.

ആംആദ്മി തൂത്തുവാരിയ പഞ്ചാബ് മാത്രമാണ് ബിജെപിക്ക് വഴങ്ങാതിരുന്നത്. അവിടെ പാര്‍ട്ടി പച്ച തൊട്ടതുമില്ല. ആംആദ്മി 92 സീറ്റില്‍ ലീഡ് തുടരുമ്പോള്‍ രണ്ട് സീറ്റില്‍ മാത്രമാണ് ബിജെപി മുന്നണി ലീഡ് നില നിര്‍ത്തുന്നത്. ഭരണ കക്ഷിയായ കോണ്‍ഗ്രസാകട്ടെ 77 ല്‍ നിന്ന് 18 ലേക്ക് കൂപ്പുകുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.