ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പാദ സെമി ഇന്ന്; ആരാധകര്‍ക്കായി കൊച്ചിയില്‍ ഫാന്‍ പാര്‍ക്ക്

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പാദ സെമി ഇന്ന്; ആരാധകര്‍ക്കായി കൊച്ചിയില്‍ ഫാന്‍ പാര്‍ക്ക്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ ഒന്നാംപാദ സെമി ഫൈനല്‍ ഇന്നു നടക്കും. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സും ജംഷഡ്പുര്‍ എഫ്്.സിയും തമ്മില്‍ ഏറ്റുമുട്ടും. മത്സരം കാണാന്‍ ആരാധകര്‍ക്കായി കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിന് മുന്നില്‍ ഫാന്‍ പാര്‍ക്ക് ഇന്നുണ്ടാകും. രണ്ടായിരത്തോളം ആരാധകര്‍ക്ക് വലിയ സ്‌ക്രീനില്‍ ഇവിടെ കളി കാണാനാകും.


ജംഷഡ്പുരിനെ മറികടന്നു ഫൈനലില്‍ കടക്കുമെന്ന് ബ്ലാസ്റ്റേഴ്സിന്റെ സെര്‍ബിയക്കാരന്‍ കോച്ച് ഇവാന്‍ വുകുമാനോവിച് അവകാശപ്പെട്ടു. സെമി മത്സരങ്ങള്‍ ഇരുപാദമായി നടത്തുന്നതിനോടു യോജിപ്പില്ലെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. ലീഗില്‍ ജംഷഡ്പുരിനെ തോല്‍പ്പിക്കാനായില്ല. പക്ഷേ നോക്കൗട്ടില്‍ ഗതിമാറുമെന്നു വുകുമാനോവിച് പറഞ്ഞു. ജംഷഡ്പുര്‍ താരങ്ങള്‍ കായികമായി ഏറെ മുന്നിലാണ്. അതുകൊണ്ടു തന്നെ പരുക്കന്‍ അടവുകളും പ്രതീക്ഷിക്കാമെന്ന് ഇവാന്‍ വുകുമാനോവിച് പറഞ്ഞു. പരുക്ക് കാരണം കഴിഞ്ഞ മത്സരങ്ങളില്ലാതിരുന്ന ലെഫ്റ്റ് ബാക്ക് നിഷു കുമാറും മധ്യനിര താരം ജീക്സണും ഇന്നു കളിക്കുമെന്ന് ഇവാന്‍ പറഞ്ഞു. നിഷുവിനും ജീക്സണും അവസാന മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇരുവരും സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ജീക്സണും പൂട്ടിയയും ആയിരുന്നു ഭൂരിഭാഗം മത്സരങ്ങളിലും മധ്യനിര കൂട്ടുകെട്ട്. ജംഷഡ്പുരിനെതിരേ നടന്ന മത്സരങ്ങളിലെ കണക്കുകള്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. പത്ത് മത്സരങ്ങളാണ് ഇരുവരും തമ്മിലുണ്ടായത്. അതില്‍ ആറെണ്ണം സമനിലയായി. മൂന്ന് മത്സരങ്ങളില്‍ ജയിച്ച ജംഷഡ്പുരിനാണു മുന്‍തൂക്കം. ഒരു മത്സരത്തില്‍ മാത്രമാണു ബ്ലാസ്റ്റേഴ്സ് ജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.