കോണ്‍ഗ്രസില്‍ അടുത്ത കലാപക്കൊടി ഛത്തീസ്ഗഡില്‍; മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം

കോണ്‍ഗ്രസില്‍ അടുത്ത കലാപക്കൊടി ഛത്തീസ്ഗഡില്‍; മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ദയനീയ പ്രകടനം നടത്തേണ്ടി വന്ന കോണ്‍ഗ്രസിന് അടുത്ത തലവേദനയായി ഛത്തീസ്ഗഡ്. നിലവില്‍ രാജ്യത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രണ്ടെണ്ണം മാത്രമാണുള്ളത്. രാജസ്ഥാനും ഛത്തീസ്ഡും. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള ശീതസമരത്തിന് ഒരു മാറ്റവുമില്ല. താരതമ്യേന വലിയ പ്രശ്‌നങ്ങളില്ലാത്ത ഛത്തീസ്ഗഡിലും കുറച്ചുനാളായി കാര്യങ്ങള്‍ ഭംഗിയല്ല.

ഛത്തീസ്ഗഡില്‍ തമ്മില്‍ത്തല്ല് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആരോഗ്യമന്ത്രി ടി.എസ്. ഡിയോയും തമ്മിലാണ്. രണ്ടര വര്‍ഷത്തിനു ശേഷം ബാഗേലിനെ മാറ്റി ഡിയോയെ മുഖ്യമന്ത്രിയാക്കാമെന്ന് നേരത്തെ ഹൈക്കമാന്‍ഡ് സമ്മതം മൂളിയിരുന്നു. എന്നാലിപ്പോള്‍ തന്നെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഡിയോയാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീര്‍ന്ന ശേഷം ഛത്തീസ്ഗഡിലെ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു രാഹുലിന്റെ ഉറപ്പ്.

സംസ്ഥാനങ്ങളിലെല്ലാം തോറ്റ് കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ആവശ്യം നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ബാഗേല്‍ വിരുദ്ധ ക്യാംപ്. കഴിഞ്ഞ നവംബറില്‍ ഇരുകൂട്ടരും ഡെല്‍ഹിയിലെത്തി രണ്ടാഴ്ച്ചയോളം ക്യാംപ് ചെയ്തിരുന്നു. ഇപ്പോള്‍ പടലപ്പിണക്കം വീണ്ടും ശക്തമായിരിക്കുകയാണ്. നല്ല രീതിയില്‍ ഭരണം നടത്തുന്ന ബാഗേലിനൊപ്പമാണ് ഹൈക്കമാന്‍ഡ്. അതുകൊണ്ട് തന്നെ എതിര്‍ ചേരിക്ക് എത്രത്തോളം വിജയം കാണാനാകുമെന്ന കാര്യം സംശയമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.