ഒരു ചിരി കണ്ടാല്‍ അതുമതി... എന്ന പാട്ട് വരി കേട്ടിട്ടില്ലേ.., ശരിയാണ് ഒരു ചിരിക്ക് അത്രമേല്‍ കരുത്തുണ്ട്. ഡൗണ്‍സിന്‍ഡ്രോമിനെപ്പോലും നിറചിരികൊണ്ട് തോല്‍പ്പിച്ച മിടുക്കിയാണ് എലനോര്‍ മാന്റണ്‍. രണ്ട് വയസ്സുകാരിയായ ഈ മിടുക്കിയുടെ ചിരി ഇന്ന് ഫാഷന്‍ലോകത്ത് പോലും ശ്രദ്ധേയമാണ്.
യുകെയിലെ പ്രശസ്ത കിഡ് വെയര്‍ ബ്രാന്‍ഡായ ജോജോ മാമന്‍ ബീബീയുടെ സൂപ്പര്‍ മോഡലാണ് ഈ മിടുക്കി. നിറചിരിയോടെയുള്ള എലനോറിന്റെ ചിത്രങ്ങള്‍ ആരുടേയും ഹൃദയം കവരും. ഒരു ഗാര്‍ഡനില്‍ നിറചിരിയോടെ നില്‍ക്കുന്ന ഈ കുരുന്നിന്റെ ചിത്രങ്ങള്‍ ഫാഷന്‍ലോകത്ത് പോലും കൈയടി നേടുന്നു.
എലനോറിന്റെ ചിത്രങ്ങള്‍ അവളുടെ അമ്മയായ ഹെലന്‍ മാന്റണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അത്തരത്തിലൊരു ചിത്രം കണ്ടപ്പോഴാണ് ജോജോ മാമന്‍ ബീബീ കമ്പനി തങ്ങളുടെ പുതിയ ഫോട്ടോഷൂട്ടില്‍ എലനോറിനെ ഉള്‍പ്പെടുത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. മാതാപിതാക്കള്‍ ഇതിന് നിറഞ്ഞ സമ്മതവും നല്‍കി. എന്നാല്‍ കൊവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലായതിനാല്‍ എലനോറിനെയുംകൊണ്ട് യാത്ര ചെയ്യുക എന്നത് സാധ്യമായിരുന്നില്ല.
അങ്ങനെ വീടിന്റെ പിന്നിലുള്ള ഗാര്‍ഡനില്‍ നിന്നും എലനോറിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. ഈ മിടുക്കിയുടെ അച്ഛനായ ക്രെയ്ഗ് മാന്റണ്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നിരവധി തവണ നൃത്തം ചെയ്തു. അങ്ങനെയാണ് എലനോറിന്റെ മുഖത്ത് ആ നിറചിരി വിരിഞ്ഞതും.
വിധി എലനോറിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും അവളുടെ കുറവുകളെ നിറവുകളാക്കുകയാണ് മാതാപിതാക്കള്‍. ഹൃദയംകൊണ്ടാണ് അവര്‍ അവളെ ചേര്‍ത്തുനിര്‍ത്തുന്നതും. അതുകൊണ്ടാണല്ലോ മകളുടെ ചിരിക്കായി നൃത്തം ചെയ്തത് പോലും. ആ മകളുടെ നിറഞ്ഞ ചിരി ലോകം കാണാനാണ് എലനോറിന്റെ മതാപിതാക്കള്‍ ശ്രമിക്കുന്നതും.
ചെറിയ പരിമിതികള്‍ ഉള്ളവരേപ്പോലും മറ്റുള്ളവരില്‍ നിന്നും അകറ്റിനിര്‍ത്തുന്നവര്‍ നമുക്കിടയിലുണ്ട്. അവരറിയണം എലനോറിന്റെ മാതാപിതാക്കളുടെ മാഹാത്മ്യത്തെക്കുറിച്ച്. മകളെ സമൂഹത്തിന്റെ മുന്നിലേക്ക് കൈപിടിച്ച് നടത്തുന്ന എലോനിറിന്റെ മാതാപിതാക്കള്‍ പകരുന്ന മാതൃകയും പ്രചോദനവും ചെറുതല്ല. മക്കള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും സമ്പത്തുമാണെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഈ മാതാപിതാക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.